വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി പ്രവര്‍ത്തകരും ബന്ധുക്കളും സജീവമായി രംഗത്തിറങ്ങണം .
കേരളത്തില്‍ കടുത്ത വരള്‍ച്ചയാണ് ഇപ്പോള്‍ തന്നെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമായിത്തീരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനായി പാര്‍ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. കുടിവെള്ളം കിട്ടാത്തിടങ്ങളില്‍ അവ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കാന്‍ പാര്‍ടി ഘടകങ്ങള്‍ സന്നദ്ധമാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം.
സംസ്ഥാനത്ത് വലിയ വരള്‍ച്ച അനുഭവപ്പെടുന്ന കാര്യം മനസിലാക്കാനും അവ നേരിടുന്നതിനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കാനും ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ അതിന് സന്നദ്ധമാവാത്തതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഫലപ്രദമായി രംഗത്തിറക്കി ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിയേണ്ടതായിരുന്നു. എന്നാല്‍, ജനകീയ താല്‍പ്പര്യങ്ങള്‍ക്ക് യാതൊരു താല്‍പ്പര്യവും കാണിക്കാത്ത സര്‍ക്കാര്‍ ഇക്കാര്യവും വിസ്‌മരിക്കുകയാണുണ്ടായത്. അവസാന മന്ത്രിസഭാ യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത് അഴിമതി നടത്തുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത് എന്നാണ്. ഈ സാഹചര്യത്തില്‍ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതോടൊപ്പം ആ പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും വേണം.