സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന 21-3-2016

 വയനാട്ടില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ വയനാട്‌ എസ്റ്റേറ്റ്‌ ലേബര്‍ യൂണിയന്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാറും ഹാരിസണ്‍ മാനേജ്‌മെന്റും അടിയന്തിര നടപടി സ്വീകരിക്കണം.
കമ്പനി ഏകപക്ഷീയമായി കഴിഞ്ഞ 2015 ആഗസ്റ്റില്‍ പ്രഖ്യാപിച്ച 8.35 ശതമാനം ബോണസ്സ്‌ ബഹുഭൂരിപക്ഷം തൊഴിലാളികളും വാങ്ങിച്ചിട്ടില്ല. ജില്ലയിലെ തന്നെ മറ്റു തേയില തോട്ടങ്ങളില്‍ 13 മുതല്‍ 20 ശതമാനം വരെ ബോണസ്‌ നല്‍കിയ സാഹചര്യം നിലനില്‍ക്കുമ്പോഴാണ്‌ ഇത്തരമൊരു തീരുമാനം കമ്പനി സ്വീകരിച്ചിട്ടുള്ളത്‌. കമ്പനിയുടെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ 20 ശതമാനം ബോണസ്സിന്‌ വേണ്ടി സി.ഐ.ടി.യു നിരന്തര പ്രക്ഷോഭത്തിലാണ്‌. ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികളാണ്‌ കമ്പനി സ്വീകരിച്ചത്‌. 60 സ്‌ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെ 123 തൊഴിലാളികളെ ഇതിന്റെ ഭാഗമായി അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. തൊഴിലാളികളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടക്കുക, തൊഴിലാളികളെ കൂട്ടത്തോടെ സസ്‌പെന്റ്‌ ചെയ്യുക, തൊഴിലാളികളുടെ ദിവസങ്ങളോളമുള്ള കൂലി നിഷേധിക്കുക തുടങ്ങിയ നടപടികളിലൂടെ സമരത്തെ പരാജയപ്പെടുത്തുവാനുള്ള നീക്കമാണ്‌ കമ്പനിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തുന്ന ഈ പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല.
തൊഴിലാളികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ്‌ തയ്യാറാകണം. തൊഴില്‍ പ്രശ്‌നം എന്ന നിലയില്‍ ഇത്‌ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന്‌ മനസ്സിലാക്കി അടിയന്തരമായ ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ ഉണ്ടാകണം.