കന്നുകാലി വ്യാപാരികളെ കൊന്ന്‌ കെട്ടിത്തൂക്കിയ സംഘപരിവാര്‍ ഭീകരതയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ 23-ാം തീയതി വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും.

 കന്നുകാലി വ്യാപാരികളെ കൊന്ന്‌ കെട്ടിത്തൂക്കിയ സംഘപരിവാര്‍ ഭീകരതയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ 23-ാം തീയതി വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും.
ഝാര്‍ഖണ്ഡിലാണ്‌ കന്നുകാലി വ്യാപാരികളായ മുഹമ്മദ്‌ മജ്‌ലുവിനെയും 15 വയസ്സുകാരനായ അസദ്‌ഖാനെയും സംഘപരിവാറുകാര്‍ തല്ലിക്കൊന്ന്‌ മരത്തില്‍ കെട്ടിത്തൂക്കിയത്‌. കഴിഞ്ഞദിവസം പോത്തുകളുമായി ചന്തയിലേക്ക്‌ പോകുമ്പോഴാണ്‌ ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്ക്‌ 100 കിലോമീറ്റര്‍ അകലെ ബലൂമഡ്‌ വനമേഖലയില്‍ ഈ വ്യാപാരികള്‍ കൊല്ലപ്പെട്ടത്‌. അങ്ങേയറ്റം മൃഗീയമായ തരത്തിലുള്ള ഇരട്ടക്കൊലപാതകമാണ്‌ ഇവിടെ നടന്നത്‌. ഇതേസ്ഥലത്ത്‌ നാലുമാസം മുമ്പ്‌ മറ്റൊരു കന്നുകാലി വ്യാപാരിക്കെതിരെ വധശ്രമം നടന്നിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്‌. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാട്‌ സ്വീകരിക്കുന്നതുകൊണ്ടാണ്‌ ഇത്തരം സംഭവങ്ങള്‍ ഝാര്‍ഖണ്ഡില്‍ വര്‍ദ്ധിച്ചുവരുന്നത്‌. നേരത്തെ ഉത്തര്‍പ്രദേശില്‍ മുഹമ്മദ്‌ അഖ്‌ലാക്ക്‌ എന്ന കര്‍ഷകത്തൊഴിലാളിയെ ബീഫ്‌ സൂക്ഷിച്ചു എന്നു പറഞ്ഞ്‌ വീട്ടിനകത്തു കയറി അടിച്ചുകൊന്ന സംഭവം മനഃസാക്ഷി ഉള്ളവരെയെല്ലാം ഞെട്ടിച്ചിട്ടുള്ളതാണ്‌. അതിന്റെ അലയൊലികള്‍ രാജ്യത്ത്‌ അവസാനിക്കുന്നതിനു മുമ്പാണ്‌ ഈ അക്രമസംഭവം ആവര്‍ത്തിച്ചത്‌ എന്നത്‌ അങ്ങേയറ്റം ഗൗരവമേറിയ കാര്യമാണ്‌. മാത്രമല്ല, ദളിതുകളെ ചുട്ടെരിക്കുന്ന സംഭവങ്ങളും ഇക്കാലഘട്ടത്തില്‍ തന്നെയാണ്‌ സംഘപരിവാര്‍ നടപ്പിലാക്കിയിട്ടുള്ളത്‌. നാട്‌ ഏറെ ബഹുമാനിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്മാരെപ്പോലും ഉന്മൂലനം ചെയ്യുന്നതിനാണ്‌ സംഘപരിവാര്‍ പദ്ധതികള്‍ നീക്കുന്നത്‌. ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അറസ്റ്റ്‌ ചെയ്‌തതും ഹൈദ്രാബാദ്‌ സര്‍വ്വകലാശാലയില്‍ രോഹിത്‌ വെമുല എന്ന വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക്‌ നയിച്ചതും ഇതേ ശക്തികളാണ്‌. സംഘപരിവാറിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വലിയ ഭീഷണിയാണ്‌ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്‌.
രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഫെഡറലിസത്തെയും ജനാധിപത്യരീതികളേയും ഇല്ലാതാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ രാജ്യത്തെമ്പാടും സംഘപരിവാര്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിനെതിരെ അതിശക്തമായ പ്രതിരോധനിര രാജ്യത്താകമാനം ഉയര്‍ന്നുവരേണ്ടതുണ്ട്‌. രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബഹുസ്വരതയില്‍ ഊന്നിനില്‍ക്കുന്ന നമ്മുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്‌. സംഘപരിവാറിന്റെ വര്‍ഗീയവും അക്രമണോത്സുകവുമായ നിലപാടുകള്‍ക്കെതിരെ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണം.