നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായ അക്രമം നടത്തി ജനങ്ങളെ ഭയപ്പെടുത്താനുള്ള ബി.ജെ.പിയുടെ പദ്ധതിയാണ് കാട്ടായിക്കോണത്ത് നടന്ന അക്രമ പരമ്പരകളിലൂടെ പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് കാട്ടായിക്കോണത്ത് നടന്ന അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിട്ടുള്ള ആര്‍.എസ്.എസ് ക്രിമിനലുകളെ സംഘടിപ്പിച്ച് അക്രമ സംഭവങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുകയായിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ ഇവിടെ അക്രമമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ സംഘടിപ്പിച്ചതിലൂടെ ബി.ജെ.പി പ്ലാന്‍ ചെയ്‌ത രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ് അക്രമ പരമ്പരകളെന്ന് വ്യക്തമായിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മാസ്റ്റര്‍ പ്ലാനിനെ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക എല്ലാ കാലത്തും നഗരസഭയും സി.പി.ഐ (എം) ഉം ഉയര്‍ത്തി പിടിച്ചിട്ടുള്ളതാണ്. മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തുന്നതിന് പകരം അത് സി.പി.ഐ (എം) നെതിരെ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഇത് ആര്‍.എസ്.എസും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍.എസ്.എസ് ക്രിമിനലുകള്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുകയാണ്. ഈ ക്രിമിനലുകളാണ് കാട്ടായിക്കോണത്തെ അക്രമത്തിന് നേതൃത്വം കൊടുത്തത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നു എന്നു പറയുന്നയാള്‍ ജില്ലയ്‌ക്ക് പുറത്തുള്ളയാളാണ്. ഇത്തരം നിരവധി പേര്‍ ഒരേസമയം അക്രമം നടത്താനായി ഇവിടെ എത്തിച്ചേര്‍ന്നുവെന്നത് ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസാവട്ടെ അക്രമികള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ വേണ്ടി തയ്യാറായില്ല. പുറത്ത് നിന്ന് സംഘടിതമായി വന്ന് പ്രദേശത്ത് അക്രമം ഉണ്ടാക്കിയ ആര്‍.എസ്.എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സി.പി.ഐ (എം) പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായത്. ആര്‍.എസ്.എസുമായി ചേര്‍ന്ന് സി.പി.ഐ (എം) നെ തകര്‍ത്തുകളയാം എന്ന ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയനയമാണ് ഇവിടെ പ്രകടമായിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തന്ത്രം വീണ്ടും ആവര്‍ത്തിക്കാനാണ് ഉമ്മന്‍ചാണ്ടി ഇവിടെ പരിശ്രമിക്കുന്നത്.