കലാപഭൂമിയായി മാറിയ ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. ലിബിയയിലെ കലാപത്തിനിടയില്‍ വീടിന് മുകളില്‍ മിസൈല്‍ പതിച്ച് കോട്ടയം രാമപുരം സ്വദേശികളായ അമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം ലിബിയയില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ലിബിയയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സുനുവും ഒന്നരവയസുകാരനായ മകന്‍ പ്രണവുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിപിന്‍ പുറത്തായതുകൊണ്ട് രക്ഷപ്പെടുകയാണ് ഉണ്ടായത്. ലിബിയയില്‍ നിന്ന് ജോലി രാജിവെച്ച് ഏപ്രില്‍ 8ന് നാട്ടില്‍ വരാന്‍ ഒരുങ്ങിയിരിക്കവയെയാണ് ഈ ദുരന്തം ഉണ്ടായത്. 500ഓളം നഴ്‌സുമാര്‍ ഇപ്പോഴും ലിബിയയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
അമേരിക്കന്‍ ഇടപെടലിന്റെ ഭാഗമായി ജനജീവിതം ദുഷ്‌കരമായ ലിബിയയില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇതിന്റെ ഫലമായി ഏറെ ദുരിതങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അനുഭവിക്കുന്നുണ്ട്. അവരെ നാട്ടിലെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയുണ്ടാവണം. ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവം നൂറുകണക്കിന് മനുഷ്യജീവന്‍ നഷ്‌ടപ്പെടുന്നതിന് ഇടയാക്കും.