ഡീസല്‍ വില വര്‍ദ്ധനവ്‌ കാരണം പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക.

കെ.എസ്‌.ആര്‍.ടി.സിയെ തകര്‍ച്ചയില്‍ നിന്ന്‌ സംരക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റി കേരളസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കെ.എസ്‌.ആര്‍.ടി.സിക്ക്‌ നല്‍കുന്ന ഡീസലിന്‌ ലിറ്ററിന്‌ 11.53 രൂപ വര്‍ദ്ധിപ്പിച്ചത്‌ മൂലമുള്ള അധികബാധ്യത വഹിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. ഈ കാര്യത്തില്‍ ഒരു ബാധ്യതയും ഏറ്റെടുക്കാനാവില്ല എന്ന കേരള സര്‍ക്കാരിന്റെ നിസംഗനിലപാട്‌ പ്രതിഷേധാര്‍ഹമാണ്‌. കെ.എസ്‌.ആര്‍.ടി.സി പൂര്‍ണ്ണസ്‌തംഭനത്തിലേക്ക്‌ നീങ്ങുന്നത്‌ കാഴ്‌ചക്കാരായി നോക്കി നില്‍ക്കുന്ന നിരുത്തരവാദ നിലപാടില്‍ നിന്ന്‌ പിന്തിരിയണം.

ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികള്‍ക്ക്‌ കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ഐ.ഒ.സി വിലവര്‍ദ്ധിപ്പിച്ചത്‌. ഇതുമൂലം പ്രതിമാസം ട്രാന്‍സ്‌പോര്‍ട്‌ കോര്‍പറേഷന്‌ 15.5 കോടി രൂപയുടെ അധികബാധ്യതയാണ്‌ വരുന്നത്‌. പ്രതിമാസം 62 കോടി രൂപയുടെ നഷ്‌ടത്തില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന കോര്‍പറേഷന്‌ താങ്ങാവുന്നതല്ല പുതിയ ഭാരം.

35000-ത്തില്‍ പരം ജീവനക്കാരും അത്രതന്നെ പെന്‍ഷന്‍കാരും ഉള്‍പ്പെടെ എഴുപതിനായിരത്തില്‍പരം കുടുംബങ്ങളുടെ ഉപജീവനം മുടങ്ങുന്നതാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ സ്‌തംഭനം. സംസ്ഥാനത്തെ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ടിന്റെ 24 ശതമാനം ട്രാന്‍സ്‌പോര്‍ട്‌ കോര്‍പറേഷന്‍ ബസുകളാണ്‌ നിര്‍വഹിക്കുന്നത്‌. ശരാശരി 40 ലക്ഷം യാത്രക്കാരാണ്‌ കെ.എസ്‌.ആര്‍.ടി.സിയെ ആശ്രയിക്കുന്നത്‌. ട്രാന്‍സ്‌പോര്‍ട്‌ ബസുകള്‍ മുടങ്ങിയാല്‍ ജനങ്ങളുടെ യാത്രാക്‌ളേശം വിവരണാതീതമായിരിക്കും.

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബസുകളുടെ എണ്ണത്തില്‍ കുറവ്‌ വന്നിട്ടുണ്ട്‌. 1200 ഓളം ബസുകള്‍ ഇപ്പോള്‍ ഓടുന്നില്ല. ഇതുമൂലം കോര്‍പറേഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ്‌ വരുന്നു. 1000 ബസുകള്‍ ഓട്ടം നിര്‍ത്തിയാല്‍ 7000 തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടും. പല ഡിപ്പോകളിലും തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ ആശങ്കാകുലരായി കഴിയുകയാണ്‌. തങ്ങളുടെ ഉപജീവനമാര്‍ഗമായ തൊഴില്‍ നഷ്‌ടപ്പെടുമെന്ന ആശങ്ക മുഴുവന്‍ തൊഴിലാളികളെയും പിടികൂടിയിരിക്കുകയാണ്‌.
ഈ ഗുരുതരമായ സാഹചര്യത്തിലും കേന്ദ്രസര്‍ക്കാരിന്‌ കത്തയച്ച്‌ മറുപടിയും കാത്തിരിക്കുന്ന യു.ഡി.എഫിന്റെ നിലപാട്‌ തികഞ്ഞ നിരുത്തരവാദിത്തമാണ്‌. ട്രാന്‍സ്‌പോര്‍ട്‌ കോര്‍പറേഷന്‍ വാങ്ങുന്ന ഡീസലിന്മേല്‍ സംസ്ഥാന സര്‍ക്കാരിന്‌ ലഭിക്കുന്ന വില്‍പന നികുതി ഒഴിവാക്കാനെങ്കിലും സര്‍ക്കാര്‍ സന്നദ്ധമാവണം. ജനങ്ങളുടേയും തൊഴിലാളികളുടേയും ബുദ്ധിമുട്ടുകള്‍ക്കുനേരെ പുറംതിരിഞ്ഞ്‌ നില്‍ക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ നയത്തിനെതിരെ ശബ്‌ദമുയര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
24.01.2013


* * * *