ദേശീയ ഗെയിംസ് നടത്തിപ്പില്‍ 100 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം.
മുഖ്യമന്ത്രി ചെയര്‍മാനായും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വര്‍ക്കിംഗ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡിയാണ് 2015 ജനുവരി 31 ന് ആരംഭിച്ച് ഫെബ്രുവരി 14 ന് അവസാനിച്ച ദേശീയ ഗെയിംസിന്റെ നടത്തിപ്പുകാരായിരുന്നത്. ഗെയിംസിന്റെ സംഘാടനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നു എന്ന വസ്‌തുത അന്നുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം അടിവരയിടുന്ന വിധത്തിലാണ് സി.എ.ജി റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം.
കിട്ടുന്ന എന്തിലും അഴിമതി കാട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഗെയിംസില്‍ 100 കോടി രൂപ വെട്ടിച്ചുവെന്ന സി.എ.ജി റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റേഡിയം നിര്‍മ്മാണം തൊട്ട് വാട്ടര്‍ ബോട്ടില്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നതായാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 500ലേറെ എയര്‍ കണ്ടീഷണറുകളും കാണാനില്ലെന്ന കാര്യവും റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. 181 ലാപ്‌ടോപ്പുകളും കാണാതെ പോയിരിക്കുകയാണ്.
സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങള്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് ഉണ്ടായിട്ടുള്ളത്. ശാസ്‌ത്രീയമായ പഠനം നടത്താതെ നീന്തല്‍ കുളം നവീകരിച്ചതിന്റെ ഫലമായും കോടികള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി നടന്ന `വണ്‍ ക്രോര്‍ റണ്ണി’ന്റെ പേരിലും 10 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ജോലികള്‍ ടെണ്ടര്‍ നല്‍കാതെ നല്‍കിയ ഇനത്തിലും 20 കോടിയോളം രൂപ നഷ്‌ടം വന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
അഴിമതിരാജ് ആയി യു.ഡി.എഫ് ഭരണം മാറിയിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ദേശീയ ഗെയിംസ് അഴിമതിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഒരു അവസരം കൂടി തരൂ എന്ന യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കാലത്തെ അഭ്യര്‍ത്ഥന അഴിമതി നടത്താനുള്ള അവസരത്തിനാണെന്ന് ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്.