അഴിമതി കേസില്‍ പ്രതിയായ കെ.എം. മാണി തെരഞ്ഞെടുപ്പ്‌ മല്‍സരരംഗത്ത്‌ നിന്ന്‌ മാറിനില്‍ക്കണം

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ കെ.എം.മാണി സമര്‍പ്പിച്ച ഹര്‍ജി തള്ളപ്പെട്ടത്‌ കെ.എം.മാണിക്കും യു.ഡി.എഫിനുമേറ്റ കനത്ത തിരിച്ചടിയാണ്.

ബാര്‍ കോഴക്കേസ്‌ അന്വേഷിച്ച എസ്‌.പി ആര്‍.സുകേശനെതിരെ ക്രൈബ്രാഞ്ച്‌ അന്വേഷണം നടക്കുകയാണെന്നും ഇത്‌ പൂര്‍ത്തിയാകുന്നവരെ തനിക്കെതിരെയുള്ള കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ്‌ കെ.എം.മാണി ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചത്‌. മാണി സമര്‍പ്പിച്ച ഈ ഹര്‍ജി തള്ളി എന്ന്‌ മാത്രമല്ല വിചാരണകോടതി നടപടികളില്‍ ഇടപെടില്ലെന്നും കോടതി അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഒരു മന്ത്രിക്കെതിരെ തെളിവുകളില്ലാതെ അതേ സര്‍ക്കാരിന്റെ കാലത്ത്‌ കേസെടുക്കുമോ എന്ന സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തുകയുണ്ടായി.

സുകേശനെ സംബന്ധിച്ച്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അസംതൃപ്‌തി രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്‌. സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ തെളിവ്‌ സ്വീകരിക്കാന്‍ പോലും പറ്റുന്നവിധമല്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഴിമതിയാണ്‌ ബാര്‍ കോഴയുമായി ബന്ധപ്പെട്ടത്‌. ഈ കേസ്‌ തേച്ചുമാച്ചു കളയുന്നതിനുള്ള ശ്രമങ്ങളാണ്‌ തുടക്കത്തിലേ യു.ഡി.എഫ്‌ സര്‍ക്കാര്‍ കാണിച്ചത്‌. മന്ത്രി കെ.ബാബുവിന്‌ നേരെ 164ാം വകുപ്പ്‌ പ്രകാരം മൊഴി ഉണ്ടായിട്ട്‌ പോലും കേസെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ കെ.എം.മാണിക്കും യു.ഡി.എഫ്‌ സര്‍ക്കാരിനുമെതിരെ വന്ന നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. അത്തരം പരാമര്‍ശങ്ങളില്‍ അവസാനത്തേതാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ള ഈ കോടതി വിധി.


ഈ കോടതി വിധി കണക്കിലെടുത്ത്‌ അഴിമതി കേസില്‍ പ്രതിയായ മാണി തെരഞ്ഞെടുപ്പ്‌ മല്‍സരരംഗത്ത്‌ നിന്ന്‌ മാറിനില്‍ക്കണം.