കഴിഞ്ഞ വിഷുവിനും ഓണത്തിനും പ്രാവര്‍ത്തികമാക്കിയ ജനകീയ ജൈവ പച്ചക്കറി കൃഷി ക്യാമ്പയിന്റെ തുടര്‍ച്ചയായി ഈ വിഷുക്കാലം വിഷരഹിതമായ സ്വന്തം പച്ചക്കറിക്കായുള്ള വിപുലമായ പ്രവര്‍ത്തനത്തിനാണ് സി.പി.ഐ (എം) നേതൃത്വം നല്‍കിയത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും സംഘകൃഷിക്കാരും കര്‍ഷകരും ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി അവസാനവാരം ആരംഭിച്ച നടീല്‍ ഉത്സവം ഫെബ്രുവരി പകുതിവരെ നീണ്ടുനിന്നു. കേരളത്തിലെ എല്ലാ വീടുകളിലും ഒരു ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പരിശ്രമം ഈ ഘട്ടത്തില്‍ നടന്നു. ഓരോ വീട്ടിലും ഏതെങ്കിലും തരത്തിലുള്ള പച്ചക്കറി വിളയിച്ചാണ് ഈ വര്‍ഷത്തെ വിഷുവിനെ വരവേല്‍ക്കുന്നത്. ഇത് കേരളത്തിന്റെ പച്ചക്കറി സ്വയംപര്യാപ്തതയ്ക്കും വിഷരഹിത പച്ചക്കറിയുടെ കാര്യത്തിലുള്ള ജാഗ്രതയ്ക്കും ഉത്തമ മാതൃകയായി മാറുകയുണ്ടായി. കര്‍ഷക കൂട്ടായ്മയിലൂടെ വിളയിച്ച പച്ചക്കറികള്‍ ഇതിനകംതന്നെ സംസ്ഥാനത്ത് സ്ഥിരം വിപണികള്‍ സ്ഥാപിച്ച് വിറ്റഴിച്ചുവരികയാണ്.
ഈ വിഷുക്കാലത്ത് 1000 ജൈവ പച്ചക്കറി വിപണികള്‍ വരുംദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന നൂറിലധികമുള്ള സ്ഥിരം വിപണികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കുന്നതിനുമുള്ള സംരംഭം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കൊണ്ടുപോകാന്‍ കഴിയണം.