ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക

 ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതാണ്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി. ഈ പദ്ധതിയെ പരിമിതപ്പെടുത്തി തകര്‍ക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. 6200 ബ്ലോക്കില്‍ നടപ്പിലാക്കിയ ഈ പദ്ധതി 2250 ബ്ലോക്കിലായി ചുരുക്കിയിരിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. 65,000 കോടി രൂപയോളം ആവശ്യമുള്ള തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത്‌ 35000 കോടി രൂപയാണ്‌. ഇതിനുപുറമെ ഇന്ത്യയിലാകെ 22 കോടി തൊഴില്‍ ദിനങ്ങള്‍ കൂടി കുറയ്‌ക്കുന്ന പ്രഖ്യാപനവും ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുകയാണ്‌. കേരളത്തില്‍ മാത്രം ഈ സാമ്പത്തിക വര്‍ഷം 12 ലക്ഷം തൊഴില്‍ ദിനങ്ങളാണ്‌ കുറച്ചിരിക്കുന്നത്‌.

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ 4,13,000 പേര്‍ക്ക്‌ തൊഴില്‍ കൊടുത്തിരുന്നിടത്ത്‌ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക്‌ മാത്രമാണ്‌ ഇപ്പോള്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നത്‌. ഏപ്രില്‍ ഒന്നിന്‌ 240 രൂപ കൂലിയാക്കുമെന്ന്‌ പറഞ്ഞിരുന്നുവെങ്കിലും അതും നടന്നിട്ടില്ല. തൊഴിലാളികള്‍ക്ക്‌ കൂലി നല്‍കാനുള്ള ഇനത്തില്‍ സംസ്ഥാനത്ത്‌ 428.80 കോടി രൂപ കുടിശ്ശികയാണ്‌. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 87കോടി രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ തൊഴിലുറപ്പ്‌ മിഷന്‌ കൈമാറിയിട്ടില്ല. മരിച്ചാല്‍ കുടുംബത്തിന്‌ നല്‍കുന്ന സഹായവും പരിക്കേറ്റാല്‍ ഉള്ള ചികിത്സാസഹായവും നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാരിന്‌ താല്‍പര്യമില്ല. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന നഗരപ്രദേശങ്ങളിലെ അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങളില്‍പെട്ട്‌ പാവപ്പെട്ടവര്‍ ഉഴലുമ്പോള്‍ അവര്‍ക്ക്‌ സംരക്ഷണമാകേണ്ട തൊഴിലുറപ്പ്‌ പദ്ധതിയെ പോലും തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.