പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചതിന്റെ തുടര്‍ച്ചയായി പാചക വാതകത്തിന്റെ വിലയും ഉയര്‍ത്തിയിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് 18 രൂപയും വാണിജ്യ സിലിണ്ടറിന് 20 രൂപയുമാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
യു.പി.ഏ. സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്താണ് പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാരാവട്ടെ ഡീസലിന്റെ കൂടി വിലനിയന്ത്രണം എടുത്ത് മാറ്റുകയാണ് ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് ഇത് ഇടയാക്കുമെന്ന പ്രചരണം വരെ അക്കാലത്ത് ഉണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയനുസരിച്ച് വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായില്ല. അതിന് ആവശ്യമായ നിലപാട് എടുക്കാന്‍ കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ല.
പെട്രോളിന് ബാരലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 146 ഡോളര്‍ വിലയുണ്ടായിരുന്ന 2008 ജൂണില്‍ രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 50.56 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിന്റെ വില 40.8 ഡോളറായിരിക്കുമ്പോള്‍ രാജ്യത്തെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 68 രൂപയായിരിക്കുന്നു. ഇത്തരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഈ വിലവര്‍ദ്ധനവ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്താകമാനം ഉയര്‍ത്തിക്കൊണ്ടുവരണം.