കണ്ണൂര്‍ ജില്ലയിലെ അന്ധരും അവശരുമായ വോട്ടര്‍മാര്‍ക്ക്‌ വോട്ട്‌ നിഷേധിക്കുന്ന തരത്തിലുള്ള ജില്ലാ കളക്‌ടറുടെ നടപടി തിരുത്തണം

 കണ്ണൂര്‍ ജില്ലയിലെ അന്ധരും അവശരുമായ വോട്ടര്‍മാര്‍ക്ക്‌ വോട്ട്‌ നിഷേധിക്കുന്ന തരത്തിലുള്ള ജില്ലാ കളക്‌ടറുടെ നടപടി തിരുത്തണം.

അന്ധരും അവശരുമായ വോട്ടര്‍മാര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്തുന്നതിനായി സഹായിയെ കൂട്ടാമെന്ന വ്യവസ്ഥ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുള്ളതാണ്‌. ഇതു സംബന്ധിച്ച്‌ പ്രിസൈഡിംഗ്‌ ഓഫീസര്‍മാര്‍ക്കുള്ള ഹാന്റ്‌ ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്‌. എന്നാല്‍, ഇതിനു പകരം അന്ധരും അവശരുമായ വോട്ടര്‍മാര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍വേണ്ടി താലൂക്ക്‌ ഇലക്‌ഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സ്ലിപ്പ്‌ വേണമെന്നാണ്‌ കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
 
കണ്ണൂര്‍ ജില്ലയിലെ സെന്‍സസ്‌ റിപ്പോര്‍ട്ട്‌ പ്രകാരമുള്ളവര്‍ക്ക്‌ സ്ലിപ്പ്‌ വിതരണം ചെയ്യുന്ന നടപടിയാണ്‌ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിച്ച മെയ്‌ 6 ന്റെ കത്ത്‌ പ്രകാരം അന്ധരായ വോട്ടര്‍മാര്‍ക്ക്‌ മാത്രമേ സഹായിയെ ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാന്‍ അവസരം നല്‍കൂ എന്നുമാണ്‌ പറഞ്ഞിരിക്കുന്നത്‌. 2015 ലെ സര്‍വ്വേ റിപ്പോര്‍ട്ട്‌ പ്രകാരം വേണ്ടത്ര കാഴ്‌ചശേഷിയില്ലാത്ത 5989 പേരാണ്‌ കണ്ണൂര്‍ ജില്ലയിലുള്ളത്‌. ചിലരുടെ പേര്‌ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2015നുശേഷം അന്ധരായവരും ഈ ലിസ്റ്റില്‍ ഉണ്ടാവില്ല. ഫലത്തില്‍ കാഴ്‌ചശക്തി നഷ്‌ടപ്പെട്ടവര്‍ക്ക്‌ വോട്ട്‌ നിഷേധിക്കുന്ന സ്ഥിതിയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. പൗരന്റെ മൗലികാവകാശമായ വോട്ട്‌ വിനിയോഗിക്കാനുള്ള അവകാശത്തെ തടയുന്ന നടപടിയാണിത്‌. ഇത്‌ തിരുത്തണം.