ഐശ്വര്യ സമ്പൂര്‍ണ്ണമായ കേരളം സാക്ഷാത്‌കരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കുക
തിങ്കളാഴ്ച്ച (16-5-2016) നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഴിമതിയില്‍ മുങ്ങി കുളിച്ച ഭരണമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി കേരളത്തില്‍ നടന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങളെല്ലാം തകര്‍ക്കുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. ഭൂപരിഷ്‌കരണനിയമം പോലും അട്ടിമറിച്ച് അഴിമതിക്ക് കളമൊരുക്കാനുള്ള ഇടപെടലാണ് ഉണ്ടായത്. സ്‌ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത നാടായി കേരളം മാറിയിരിക്കുകയാണ്. വികസനത്തെ സംബന്ധിച്ച് പ്രചാരണമുണ്ടെങ്കില്‍ ഒരു വന്‍കിട വ്യവസായ സ്ഥാപനം പോലും കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പോലും തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്.
റബ്ബര്‍, നാളികേര കര്‍ഷകരാവട്ടെ കുത്തുപാളയെടുത്തിട്ടും തിരിഞ്ഞുനോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന നടപടികള്‍ ഒന്നിനു പുറകെ ഒന്നായി നടപ്പിലാക്കുകയാണ് ചെയ്‌തത്. സാമൂഹ്യസുരക്ഷാ പദ്ധതികളാവട്ടെ തകര്‍ക്കപ്പെട്ടു. ദുര്‍ബല ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഈ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. വിദ്യാസമ്പന്നരായ പുതിയ തലമുറയ്‌ക്ക് അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിലുകളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.
അക്രമരാഷ്‌ട്രീയത്തിന്റെ പേരുപറഞ്ഞ് വോട്ട് നേടുന്നതിനാണ് യു.ഡി.എഫ് പരിശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉള്‍പ്പെടെ അക്രമത്തിന്റെ പരമ്പര സൃഷ്‌ടിച്ചത് യു.ഡി.എഫാണ്. എല്‍.ഡി.എഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളെ തന്നെ അവര്‍ ആക്രമിക്കുകയുണ്ടായി. യു.ഡി.എഫില്‍ നിന്ന് മാറി നിന്നുകൊണ്ട് സ്വതന്ത്രരായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ പോലും യു.ഡി.എഫ് അക്രമത്തിന് വിധേയമായി. സംസ്ഥാനത്ത് വ്യാപകമായി എല്‍.ഡി.എഫിന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. യു.ഡി.എഫ് ഭരണകാലത്ത് 28 എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന്റെ പേരുപറയുന്ന കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസം കാരണം മൂന്ന് പേരാണ് തൃശൂര്‍ ജില്ലയില്‍ തന്നെ കൊല്ലപ്പെട്ടത്. ക്രമസമാധാന പ്രശ്‌നമായി തന്നെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് കേരളത്തില്‍ മാറിയിരിക്കുകയാണ്.
കേരളത്തിന്റെ മഹത്തായ പാരമ്പര്യമായ മതനിരപേക്ഷതയെ തകര്‍ക്കുന്ന തരത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. അക്രമണോത്സുക വര്‍ഗീയതയുമായി മുന്നോട്ട് വരുന്ന ബി.ജെ.പി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്നതിനുള്ള പ്രചരണങ്ങളാണ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സ്വീകരിച്ചിട്ടുള്ളത്. പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ളവരുടെ കേസുകള്‍ പിന്‍വലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായി. ഘര്‍ വാപസിക്കെതിരെ പല സംസ്ഥാന സര്‍ക്കാരുകളും കേസെടുത്തപ്പോള്‍ കേരളത്തില്‍ അതുണ്ടായില്ല.
സംഘപരിവാറുമായി ചേര്‍ന്ന് എല്‍.ഡി.എഫിനെ പരാജയപ്പെടുത്താനുള്ള കരുനീക്കങ്ങളാണ് യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണം എന്നത് മതനിരപേക്ഷതയുടെ അടിസ്ഥാന സമീപനമാണ്. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയ്‌ക്കും എല്‍.ഡി.എഫ് തയ്യാറല്ല.
കേരള ജനതയെ സോമാലിയയുമായി താരതമ്യപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്‌തത്. ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലമായി ലോകത്തുതന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. അതിനെ അപമാനിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരളത്തെ അപമാനിക്കുകയും യു.ഡി.എഫുമായി ചേര്‍ന്ന് കേരളത്തില്‍ കാലുറപ്പിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന ഇത്തരം ഇടപെടലുകളെ പ്രതിരോധിക്കണമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിച്ചേ പറ്റൂ.
മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം എന്ന കാഴ്‌ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. 35 മുഖ്യ മുദ്രാവാക്യങ്ങളും 600 നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പ്രകടനപത്രിക എല്‍.ഡി.എഫ് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന മേഖലകളായ കൃഷിയേയും വ്യവസായത്തേയും വികസിപ്പിച്ചുകൊണ്ടുള്ള വികസന കാഴ്‌ചപ്പാടാണ് അതിലുള്ളത്. പൊതുമേഖല, പരമ്പരാഗത മേഖല എന്നിവ സംരക്ഷിക്കുന്നതിനുള്ള നയങ്ങളും അതില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ ആണിക്കല്ലായ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ ഉള്‍പ്പെടെ ഗുണനിലവാരം ഉയര്‍ത്താനും ഉതകുന്ന കര്‍മ്മപദ്ധതികളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ആരോഗ്യമേഖല സംരക്ഷിക്കുന്നതിനും പുതിയ തലമുറയുടെ തൊഴില്‍സാധ്യതകള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതികളും അതിലുണ്ട്. മലയാള ഭാഷയേയും സംസ്‌കാരത്തേയും ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകളും അവതരിപ്പിച്ചിട്ടുണ്ട്. അധികാരവികേന്ദ്രീകരണവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വികസനവും ഇതിലെ സുപ്രധാന കാഴ്‌ചപ്പാടാണ്. സ്‌ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും പ്രത്യേകമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളെ ജനസൗഹാര്‍ദ്ദപരമാക്കി മാറ്റി ചുവപ്പുനാടയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തി എടുക്കുന്നതിനുമുള്ള കാര്യപരിപാടി എല്‍.ഡി.എഫ് മുന്നോട്ട് വെച്ചിട്ടുണ്ട്.
അഴിമതി ഭരണത്തിന് പകരം ജനക്ഷേമകരവും മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതുമായ ഭരണം കേരളത്തില്‍ വരേണ്ടതുണ്ട്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കും വര്‍ഗീയതയുടെ കടന്നുകയറ്റങ്ങള്‍ക്കും എതിരെ ശക്തമായി പൊരുതുന്ന പ്രസ്ഥാനം ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ജനങ്ങളുടെ ജീവല്‍പ്രശ്‌നം പരിഹരിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വരേണ്ടതുണ്ട്. അതിനായി നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഐശ്വര്യ സമ്പൂര്‍ണ്ണമായ കേരളം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.