ജനവിരുദ്ധനയങ്ങൾക്കെതിരേയുള്ള സി.പി.ഐ (എം) അഖിലേന്ത്യാ ജാഥ

തിരുവനന്തപുരം
25.01.2013

സി.പി.ഐ (എം) അഖിലേന്ത്യാ ജാഥയ്‌ക്ക്‌ കേരളത്തില്‍ ഉജ്ജ്വല സ്വീകരണം ഏര്‍പ്പെടുത്താന്‍ എ. വിജയരാഘവന്റെ അധ്യക്ഷതയില്‍ 24.01.2013 ന്‌ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. സി.പി.ഐ (എം) രൂപം കൊണ്ടതിന്‌ ശേഷം ആദ്യമായിട്ടാണ്‌ അഖിലേന്ത്യാ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കുന്നത്‌. പൊളിറ്റ്‌ബ്യൂറോ മെമ്പര്‍ എസ്‌. രാമചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന്‌ ആരംഭിക്കുന്ന ജാഥയാണ്‌ കേരളത്തില്‍ പര്യടനം നടത്തുന്നത്‌. 

ഫെബ്രുവരി 25 ന്‌ 11 മണിക്ക്‌ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെച്ച്‌ ജാഥയെ സംസ്ഥാനത്തേക്ക്‌ വരവേല്‍ക്കും. തുടര്‍ന്ന്‌ 3 മണിക്ക്‌ ആറ്റിങ്ങലില്‍ വമ്പിച്ച സ്വീകരണം നല്‍കും. അന്നേ ദിവസം വൈകിട്ട്‌ 6 മണിക്ക്‌ ജാഥ കൊല്ലത്തും എത്തിച്ചേരും. ഫെബ്രുവരി 26 ന്‌ 11 മണിക്ക്‌ ആലപ്പുഴ, 3 മണിക്ക്‌ കോട്ടയം എന്നീ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്ക്‌ ശേഷം ജാഥ വൈകുന്നേരം 6 മണിക്ക്‌ എറണാകുളത്തെത്തും. ഫെബ്രുവരി 27 ന്‌ കാലത്ത്‌ 10 മണിക്ക്‌ തൃശൂരിലും 12 മണിക്ക്‌ എടപ്പാളിലും 4 മണിക്ക്‌ പാലക്കാട്ടും സ്വീകരണപരിപാടികള്‍ സംഘടിപ്പിക്കും. പാലക്കാട്ടെ പരിപാടിക്കുശേഷം ജാഥ കോയമ്പത്തൂരിലേക്ക്‌ പോകും. 

ഓരോ സ്വീകരണകേന്ദ്രത്തിലും ഒരു ലക്ഷത്തില്‍ കുറയാത്ത ബഹുജനപങ്കാളിത്തം ഉണ്ടാക്കാനാണ്‌ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്‌. അഖിലേന്ത്യാ ജാഥ കടന്നുപോകാത്ത കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, വയനാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജില്ലാതല പ്രചരണജാഥകള്‍ സംഘടിപ്പിക്കും. ജാഥ എത്തുന്ന ജില്ലകളില്‍ എല്ലാ ഏരിയാകളിലും പ്രചരണ ജാഥകളും നടത്തും. ഭക്ഷ്യസുരക്ഷ, തൊഴില്‍-പാര്‍പ്പിടം, വിദ്യാഭ്യാസ-ആരോഗ്യസുരക്ഷ, അഴിമതിക്കെതിരെ, വര്‍ദ്ധിച്ചുവരുന്ന സ്‌ത്രീപീഡനങ്ങള്‍ക്കെതിരെ എന്നിവയാണ്‌ ജാഥയിലെ മുദ്രാവാക്യങ്ങള്‍. 

രാജ്യത്തെ ദരിദ്ര ജനകോടികളുടെ ജീവത്തായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും, യു.പി.എ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങള്‍ക്ക്‌ ബദല്‍ നയങ്ങള്‍ മുന്നോട്ട്‌ വെച്ചും പാര്‍ടി നടത്തുന്ന ഈ ദേശീയ ക്യാമ്പയിന്‍ വന്‍ വിജയമാക്കാന്‍ എല്ലാ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.



* * * *