കേരളത്തില്‍ ആസ്ഥാനമുള്ള എസ്‌.ബി.ടിയെ അതേ നിലയില്‍ തന്നെ നിലനിര്‍ത്തണം

 കേരളത്തില്‍ ആസ്ഥാനമുള്ള എസ്‌.ബി.ടിയെ അതേ നിലയില്‍ തന്നെ നിലനിര്‍ത്തണം.

എസ്‌.ബി.ടി ഉള്‍പ്പെടെയുള്ള അഞ്ച്‌ അസോസിയേറ്റ്‌ ബാങ്കുകളെയാണ്‌ എസ്‌.ബി.ഐയില്‍ ലയിപ്പിക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്‌. ഇത്തരം നീക്കം രണ്ട്‌ പതിറ്റാണ്ടിലേറെയായി ആരംഭിച്ചിരുന്നു എങ്കിലും ശക്തമായ എതിര്‍പ്പുമൂലം മാറ്റിവയ്‌ക്കുകയാണുണ്ടായത്‌. എന്നാല്‍, സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തുന്ന മോഡി സര്‍ക്കാരിന്റെ നിലപാട്‌ മൂലം ഈ നീക്കം കൂടുതല്‍ സജീവമായിരിക്കുകയാണ്‌. പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നതിന്റെ ആദ്യപടിയെന്നോളം ദേശീയ ബാങ്കുകളുടെ എണ്ണം ആറായി കുറയ്‌ക്കുക എന്ന പദ്ധതിയുടെ ഭാഗമാണ്‌ ഈ നടപടി. അതിന്‌ നേതൃത്വം കൊടുക്കാന്‍ വേണ്ടിയാണ്‌ ബാങ്ക്‌ ബോര്‍ഡ്‌ ബ്യൂറോ രൂപീകരിച്ചിരിക്കുന്നത്‌.

1945ല്‍ തിരുവിതാംകൂര്‍ രാജകുടുംബം ആരംഭിച്ചതും 1959 ലെ എസ്‌.ബി.ഐ സബ്‌സിഡിയറി ആക്‌ട്‌ പ്രകാരം 1960ല്‍ പ്രവര്‍ത്തനമാരംഭിച്ചതുമായ കേരളത്തിന്റെ ബാങ്കാണ്‌ എസ്‌.ബി.ടി. കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ ബാങ്കും ഇതാണ്‌. വിദ്യാഭ്യാസ വായ്‌പകളില്‍ 60 ശതമാനവും കേരളത്തില്‍ നല്‍കിയിട്ടുള്ളത്‌ എസ്‌.ബി.ടിയാണ്‌. കാര്‍ഷിക വായ്‌പ ഉള്‍പ്പെടെ മുന്‍ഗണനാ വായ്‌പകളുടെ കാര്യത്തിലും ഗണ്യമായ ഇടപെടലുകള്‍ നടത്തിവരുന്ന ബാങ്കാണ്‌ ഇത്‌.

എസ്‌.ബി.ടിയെ ഇല്ലാതാക്കുന്ന ഈ നടപടി മൂലം സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ വായ്‌പാ ആവശ്യങ്ങള്‍ക്കും കനത്ത ആഘാതമായിരിക്കും സൃഷ്‌ടിക്കുക. അതുകൊണ്ടുതന്നെ, കേരളത്തിന്റെ വികസനത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന ഈ നടപടികളില്‍നിന്ന്‌ അടിയന്തരമായും അധികൃതകര്‍ പിന്മാറണം.