ചരിത്ര വിജയത്തോടെ എല്‍.ഡി.എഫിന്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം നല്‍കിയ എല്ലാ വോട്ടര്‍മാര്‍ക്കും, ഇതിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നു.

 ചരിത്ര വിജയത്തോടെ എല്‍.ഡി.എഫിന്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം നല്‍കിയ എല്ലാ വോട്ടര്‍മാര്‍ക്കും, ഇതിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നു.

വര്‍ഗീയതയ്‌ക്കും അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായുള്ള ജനവിധിയാണ്‌ ഉണ്ടായത്‌. സ്‌ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ സ്‌ത്രീകളുടെ മുന്നേറ്റവും ഈ തെരഞ്ഞെടുപ്പില്‍ നല്ല നിലയില്‍ പ്രതിഫലിക്കുകയുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാന്‍ തത്വാധിഷ്‌ഠിത രാഷ്‌ട്രീയം മുറുകെപ്പിടിച്ചുകൊണ്ട്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ വിജയം. ജനവിധി അംഗീകരിച്ചുകൊണ്ട്‌ ജനപക്ഷത്തുനിന്നുകൊണ്ട്‌ പാര്‍ടി കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കും. എല്‍.ഡി.എഫ്‌ മാനിഫെസ്റ്റോയിലൂടെ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇടപെടല്‍ ഉണ്ടാകും. കേരളത്തിന്റെ സമഗ്രവികസനത്തിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും.

ബി.ജെ.പിക്ക്‌ നേമത്ത്‌ വിജയിക്കാന്‍ കഴിഞ്ഞു എന്നത്‌ മതനിരപേക്ഷ ശക്തികള്‍ ഗൗരവമായി പരിഗണിക്കേണ്ട ഒന്നാണ്‌. വര്‍ഗീയതയ്‌ക്കെതിരായുള്ള പോരാട്ടം പൂര്‍വ്വാധികം ശക്തിയോടെ ഏറ്റെടുക്കേണ്ട ആവശ്യകതയിലേക്കാണ്‌ ഇക്കാര്യം വിരല്‍ ചൂണ്ടുന്നത്‌. ബി.ജെ.പിക്ക്‌ അവിടെ ജയിക്കാന്‍ അവസരമൊരുക്കിക്കൊടുത്തത്‌ കോണ്‍ഗ്രസ്‌ പാര്‍ടിയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 32,639 വോട്ടും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 33,100 വോട്ടും ലഭിച്ച യു.ഡി.എഫിന്‌ ഇപ്പോള്‍ 13,860 വോട്ട്‌ മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇത്‌ വ്യക്തമാക്കുന്നത്‌ നേരത്തെ എല്‍.ഡി.എഫ്‌ പറഞ്ഞതുപോലെ ഇവിടെ ബി.ജെ.പിയും യു.ഡി.എഫും തമ്മില്‍ വോട്ട്‌ കച്ചവടം നടന്നു എന്നാണ്‌.

നേമത്ത്‌ കോണ്‍ഗ്രസ്‌ ബി.ജെ.പിക്ക്‌ വോട്ട്‌ നല്‍കിയപ്പോള്‍ ഇതിന്‌ പ്രത്യുപകാരമായാണ്‌ തിരുവനന്തപുരത്ത്‌ ശിവകുമാറിനെ വിജയിപ്പിക്കാന്‍ ബി.ജെ.പിയും വോട്ട്‌ നല്‍കുകയാണ്‌ ചെയ്‌തത്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പിക്ക്‌ 40835 വോട്ട്‌ ലഭിച്ചിരുന്നു. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ ലഭിച്ചത്‌ 34764 വോട്ട്‌ മാത്രമാണ്‌. ഇതിനു പുറമെ, മറ്റ്‌ 16 മണ്ഡലങ്ങളില്‍ യു.ഡി.എഫിന്‌ ജയിക്കാന്‍ കഴിഞ്ഞത്‌ ബി.ജെ.പി-ബി.ഡി.ജെ.എസ്‌ കൂട്ടുകെട്ട്‌ വോട്ട്‌ മറിച്ചു നല്‍കിയതിലൂടെയാണ്‌. തെരഞ്ഞെടുപ്പുരംഗത്തെ ഇവരുടെ പ്രചരണമാവട്ടെ എല്‍.ഡി.എഫിന്‌ എതിരായിട്ടായിരുന്നു. ഇവരുടെ ഇത്തരം നിലപാടാണ്‌പല മണ്‌ഡലങ്ങളിലും എല്‍.ഡി.എഫിന്റെ പരാജയത്തിലേക്ക്‌ നയിച്ചത്‌. 

കോണ്‍ഗ്രസ്സിന്‌ ചരിത്രത്തിലെ വലിയ തിരിച്ചടിയാണ്‌ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്‌. ബി.ജെ.പിക്ക്‌ സഹായകമായ നിലപാട്‌ സ്വീകരിച്ച കോണ്‍ഗ്രസ്സിനെ മതനിരപേക്ഷവാദികള്‍ പൊതുവില്‍ നിരാകരിക്കുകയാണ്‌ ചെയ്‌തത്‌. നേമത്ത്‌ ബി.ജെ.പിക്ക്‌ വിജയിക്കാന്‍ അവസരമൊരുക്കി നിയമസഭയില്‍ പ്രാതിനിധ്യം നല്‍കിയ കോണ്‍ഗ്രസ്സിന്റെ നടപടി മതനിരപേക്ഷവാദികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിനെ കൈയൊഴിയുന്ന അവസ്ഥയാണ്‌ ഭാവിയില്‍ ഈ നടപടി സൃഷ്‌ടിക്കുക. മതനിരപേക്ഷവാദികളുടെ എതിര്‍പ്പിലൂടെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയുടെ അടുത്ത ഘട്ടം കേരളത്തില്‍ ഉണ്ടാകാന്‍ പോവുകയാണ്‌.

ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തകരേയും അനുഭാവികളേയും ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്‌. എന്നാല്‍, ഈ വിജയത്തില്‍ മതിമറന്ന്‌ ആഹ്ലാദിക്കാതെ ജനങ്ങള്‍ക്കിടയില്‍ വിനയാതീതരായി പ്രവര്‍ത്തിച്ച്‌ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രത കാണിക്കണം. യു.ഡി.എഫും ബി.ജെ.പിയും സൃഷ്‌ടിക്കുന്ന പ്രകോപനങ്ങളില്‍ പെട്ടുപോകാതെ ആത്മസംയമനം പാലിച്ച്‌ എല്ലായിടത്തും സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ പാര്‍ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിക്കണം.