ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി നടത്തുന്ന അക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുക.
കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തിലെ പുത്തന്‍ കണ്ടത്തില്‍ ആഹ്ലാദപ്രകടനത്തിന് നേറെ ബോംബ് എറിയുകയും വാഹനമിടിച്ച് സി.പി.ഐ (എം) പ്രവര്‍ത്തകനായ ചേരിക്കല്‍ രവിയെ കൊലപ്പെടുത്തുകയും ചെയ്‌തിരിക്കുകയാണ്. നിരവധി പേര്‍ക്ക് ഇതില്‍ പരിക്കേറ്റു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മട്ടന്നൂരിലെ കരയറ്റിയില്‍ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റിരിക്കുകയാണ്.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ മാവുങ്കാലില്‍ ആഹ്ലാദപ്രകടനത്തിന് നേരെ ആര്‍.എസ്.എസുകാര്‍ കല്ലെറിയുകയും കുപ്പിയേറ് നടത്തുകയും ചെയ്‌തിരിക്കുന്നു. ഈ ആക്രമണത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി ഇ.ചന്ദ്രശേഖരന്‍, സി.പി.ഐ (എം) നേതാവ് എ.കെ. നാരായണന്‍, എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി ടി.കെ.രവി, ഡ്രൈവര്‍ ഹക്കിം എന്നിവര്‍ക്ക് പരിക്കേറ്റിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലും വ്യാപകമായ അക്രമമാണ് ബി.ജെ.പി നടത്തിയിട്ടുള്ളത്. നേമത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തന്നെ അടിച്ചു തകര്‍ത്തിരിക്കുന്നു. പാപ്പനംകോടും സമാനമായ സംഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി തുടര്‍ച്ചയായി അക്രമണം നടത്തികൊണ്ടിരിക്കുകയാണ്.
ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വമ്പിച്ച വിജയമാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കിയത്. ബി.ജെ.പി മുന്നോട്ട് വെച്ച വര്‍ഗീയ അജണ്ടകളുടെ മുനയൊടിച്ചുകൊണ്ടുള്ള ഈ വിജയം ബി.ജെ.പിക്കാരെ രോഷാകുലരാക്കിയിരിക്കുകയാണ്. യു.ഡി.എഫുമായി ചേര്‍ന്ന് കേരളത്തില്‍ വ്യാപകമായ മുന്നേറ്റമുണ്ടാക്കാമെന്ന പദ്ധതിയെയാണ് തത്വാധിഷ്‌ഠിതമായ രാഷ്‌ട്രീയം ഉയര്‍ത്തി ജനങ്ങളെ അണിനിരത്തികൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിരോധിച്ചത്. ഈ കാഴ്‌ചപ്പാടിന് പിന്നില്‍ ജനങ്ങള്‍ അണിനിരന്നതോടെ നിരാശരായ ബി.ജെ.പി ജനവിധി അംഗീകരിക്കാന്‍ തയ്യാറാവാതെ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന രീതിയാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ വിധി അംഗീകരിക്കുന്നതിന് പകരം അക്രമങ്ങള്‍ വ്യാപകമായി സംഘടിപ്പിച്ച് മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും ഭാഗത്ത് നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ട്. ജനങ്ങളെ അണിനിരത്തി കൊണ്ട് ഇത്തരം അക്രമകാരികളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന പ്രവര്‍ത്തനത്തിന് സി.പി.ഐ (എം) നേതൃത്വം നല്‍കും.