കേരള രാഷ്ട്രീയത്തിലെ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കമ്യൂണിസ്റ്റ് നേതാവ് കെ. അനിരുദ്ധന്.
അസാധാരണമായ രാഷ്ട്രീയ ജീവിതാധ്യായങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരകാലയളവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരായ പ്രക്ഷോഭസമരങ്ങളില്‍ പങ്കാളിയായ അനിരുദ്ധന് ജനനായകനായും ജനസേവകനായും വളര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ്. ഇടതുപക്ഷപ്രസ്ഥാനം പ്രതിസന്ധികളെ നേരിട്ട ഘട്ടങ്ങളില്‍ അതിനെ അതിജീവിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് തിരുവനന്തപുരത്ത് തലയെടുപ്പോടെയും നട്ടെല്ല് നിവര്‍ന്നും നിന്നു ശക്തിപകര്‍ന്ന സംഘാടകനായിരുന്നു. തിരുവനന്തപുരം നഗരസഭ മുതല്‍ ലോക്സഭ വരെയുള്ള പാര്‍ലമെന്ററി വേദികളില്‍ തിളങ്ങിയ അദ്ദേഹം ആ വേദികളെയെല്ലാം നാടിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള പോരാട്ടവേദിയാക്കി മാതൃകകാട്ടി. പൊതുതെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും മത്സരിച്ച് കേരളത്തിന്റെ കണ്ണുകവര്ന്ന വിജയങ്ങള്‍ക്ക് ഉടമയായി. അവഗണിക്കപ്പെട്ടിരുന്ന ചുമട്ടുതൊഴിലാളികളെ സംഘബോധമുള്ളവരാക്കി സമൂഹത്തിന്റെ പൊതുധാരയിലെ ഗണ്യമായ ശക്തിയാക്കി മാറ്റിയതില്‍ ട്രേഡ്യൂണിയന്‍ നേതാവെന്ന നിലയില്‍ അനിരുദ്ധന്റെ പങ്ക് എന്നും സ്മരിക്കപ്പെടേണ്ടതാണ്.
ട്രേഡ്യൂണിയന്‍ നേതാവ്, പാര്ലമെന്റേറിയന്, പത്രപ്രവര്ത്തകന്, വാഗ്മി തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനിരുദ്ധന്റെ വേര്‍പാട് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. സഖാവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
പിണറായി വിജയന്