എഫ്‌.എ.സി.ടി ഉള്‍പ്പെടെ 22 കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ 51 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്

 എഫ്‌.എ.സി.ടി ഉള്‍പ്പെടെ 22 കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ 51 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 
എഫ്‌.എ.സി.ടി ഉള്‍പ്പെടെയുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ 51 ശതമാനം ഓഹരി വിറ്റഴിക്കാനാണ്‌ നീതി ആയോഗ്‌ കേന്ദ്രഗവണ്‍മെന്റിനോട്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. 51 ശതമാനത്തിന്റെ ഓഹരികള്‍ കൈമാറുമ്പോള്‍ ഫലത്തില്‍ കമ്പനിയുടെ പൂര്‍ണ്ണമായ നിയന്ത്രണം സ്വകാര്യമേഖലയില്‍ എത്തിച്ചേരും. കേരളത്തിന്റെ അഭിമാന സ്ഥാപനമായ എഫ്‌.എ.സി.ടി 2003-04 കാലഘട്ടത്തില്‍ അന്നത്തെ എന്‍.ഡി.എ ഗവണ്‍മെന്റ്‌ സ്വകാര്യവല്‍ക്കരിക്കുവാന്‍ തീരുമാനിച്ചിരുന്നതാണ്‌. വന്‍പ്രക്ഷോഭം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന്‌ ഈ നീക്കത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട എഫ്‌.എ.സി.ടിക്ക്‌ യു.പി.എ ഗവണ്‍മെന്റ്‌ 991 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ്‌ ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും അത്‌ ഇതുവരെയും നടപ്പിലായില്ല. ഇതിനായി വന്‍ബഹുജനപ്രക്ഷോഭമാണ്‌ ഉയര്‍ന്നുവന്നത്‌. പുനരുദ്ധാരണ പാക്കേജ്‌ നടപ്പിലാക്കാതെ 2016 ല്‍ 1000 കോടി രൂപയുടെ വായ്‌പ കേന്ദ്ര ഗവണ്‍മെന്റ്‌ അംഗീകരിച്ചു. 408 ഏക്കര്‍ ഭൂമി പണപ്പെടുത്തി കൊണ്ട്‌ നല്‍കിയ ഈ വായ്‌പയ്‌ക്ക്‌ നിശ്ചയിച്ച പലിശ താങ്ങാനാവാത്ത ബാധ്യതയിലേക്ക്‌ എഫ്‌.എ.സി.ടി.എ തള്ളിവിടുന്ന നടപടിയായിരുന്നു. ബാധ്യതകള്‍ ഒഴിവാക്കുന്ന സാമ്പത്തിക പുനഃസംഘടനയ്‌ക്ക്‌ ശേഷം സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനാണ്‌ നീതി ആയോഗിന്റെ ഇപ്പോഴത്തെ ശുപാര്‍ശ. പ്രകൃതി വാതകത്തിന്‌ ഏറ്റവും വില കുറഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍ നിലവിലുള്ള പ്ലാന്റുകളെല്ലാം പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ കമ്പനി ലാഭകരമാകും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ എഫ്‌.എ.സി.ടിയെ സമ്പൂര്‍ണ്ണമായി സ്വകാര്യമേഖലയ്‌ക്ക്‌ കാഴ്‌ചവെക്കാന്‍ ശുപാര്‍ശ വന്നിരിക്കുന്നത്‌. ഇത്‌ അംഗീകരിക്കാനാവില്ല. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട്‌ വരണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.