നാടിനെ ഉലച്ച ജിഷ വധക്കേസ് തെളിയിച്ച പൊലീസും എല്‍ഡിഎഫ് സര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു

 നാടിനെ ഉലച്ച ജിഷ വധക്കേസ് തെളിയിച്ച പൊലീസും എല്‍ഡിഎഫ് സര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ കൊലയാളി മറ്റൊരു സുകുമാരക്കുറുപ്പായി മാറുമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 22-ാം ദിവസം തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കേസ് തെളിയിച്ചു. ഇതിലൂടെ ജീവനും സ്വത്തിനും വിലകല്‍പിക്കുന്ന ഒരു ഭരണമുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.

ദളിതയായ നിയമവിദ്യാര്‍ഥിനിയുടെ ക്രൂരമായ കൊലപാതകമുണ്ടായിട്ടും കുറ്റവാളികള്‍ക്ക് രക്ഷകിട്ടും വിധമാണ് യുഡിഎഫ് ഭരണത്തില്‍ കേസ് അന്വേഷണം നീങ്ങിയത്. അസാധാരണ കൊലപാതകമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകുന്ന കേസില്‍, ഒരു തെളിവും അവശേഷിക്കരുതെന്ന് നിര്‍ബന്ധം പൊലീസ് കാണിച്ചതുപോലെ ഒരനുഭവമാണ് ആദ്യഘട്ടത്തില്‍ ഉണ്ടായത്. ഗുരുതരമായ കൃത്യവിലോപവും കുറ്റകരമായ അനാസ്ഥയും യുഡിഎഫ് ഭരണത്തില്‍ പൊലീസില്‍നിന്ന് ഉണ്ടായെങ്കില്‍ നേര്‍വിപരീതമായ ചിത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ കേസന്വേഷണത്തില്‍ നേതൃത്വം നല്‍കിയ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള ടീമിനും സ്വതന്ത്രമായ അന്വേഷണം ഉറപ്പുവരുത്തിയ ആഭ്യന്തരവകുപ്പിനും ശിരസ്സുയര്‍ത്തി അഭിമാനിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.