ശ്രീനാരായണ ഗുരുവിന്റെ ”നമുക്കു ജാതിയില്ല’വിളംബരത്തിന്റെ നൂറാം വാര്‍ഷികം

ശ്രീനാരായണ ഗുരുവിന്‍റെ ’നമുക്കു ജാതിയില്ല’വിളംബരത്തിന്‍റെ നൂറാം വാര്‍ഷികം നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കിയവരായ ചട്ടമ്പി സ്വാമിയുടേയും അയ്യന്‍കാളിയുടേയും ജയന്തി ദിനങ്ങളായ ആഗസ്റ്റ് 24 മുതല്‍ ആഗസ്റ്റ് 28 വരെ സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ സാംസ്കാരിക ഘോഷയാത്രകളും, സംഗമങ്ങളും, പ്രഭാഷണങ്ങളുമായി സംഘടിപ്പിക്കുന്നതാണ്.

ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ ജൂലൈ 24 മുതല്‍ ജൂലൈ 28 വരെയെന്ന് തെറ്റായി രേഖപ്പെടുത്തിയത് ആഗസ്റ്റ് 24 മുതല്‍ ആഗസ്റ്റ് 28 വരെയെന്ന് തിരുത്തി വായിക്കേണ്ടതാണ്.

കേരളത്തിന്‍റെ സാമൂഹ്യമാറ്റത്തില്‍ വമ്പിച്ച സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചത്. ഇത്തരം മാറ്റത്തിന് നേതൃത്വപരമായ പങ്കാണ് ശ്രീനാരായണഗുരു നിര്‍വഹിച്ചത്. ജന്മിത്വം കൊടികുത്തിവാണിരുന്ന കാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലഘട്ടത്തില്‍ ’ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് ’ എന്ന കാഴ്ചപ്പാട് മുന്നോട്ടു വെച്ചുകൊണ്ടാണ് ശ്രീനാരായണഗുരു രംഗത്ത് വന്നത്. ആലുവ അദൈത്വാശ്രമത്തില്‍ വച്ച്, ’നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന’ ശ്രീനാരായണ ഗുരുവിന്‍റെ മഹാവിളംബരം വലിയ ചര്‍ച്ചയ്ക്കിടയാക്കുകയും സമൂഹത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് ഗതിവേഗം കൂട്ടുകയും ചെയ്തു. സമൂഹത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന എല്ലാ മതിലുകളേയും ഇല്ലാതാക്കി ഒരുമയോടെ പോകുന്നതിനുള്ള ആഹ്വാനമാണ് ശ്രീനാരായണഗുരു മുന്നോട്ടുവെച്ചത്.

ജാതിക്കും മതത്തിനും അതീതമായി പ്രവര്‍ത്തിക്കുകയും അതിനെതിരായുള്ള സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ശ്രീനാരായണ ദര്‍ശനത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച് ആശയത്തെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രചരിപ്പിക്കുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിന്‍റെ ഭാഗമായാണ് സി.പി.ഐ (എം) ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.