ഗുജറാത്തിലെ ഉന പട്ടണത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച്‌ ദളിത്‌ യുവാക്കളെ നഗ്നരാക്കി തല്ലിചതച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

ഗുജറാത്തിലെ ഉന പട്ടണത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച്‌ ദളിത്‌ യുവാക്കളെ നഗ്നരാക്കി തല്ലിചതച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ജൂലൈ 22ന്‌ സംസ്ഥാനത്തെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും വൈകുന്നേരം പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനംചെയ്‌തു.
ചത്ത പശുവിന്റെ തോലുരിച്ചുവെന്ന്‌ ആരോപിച്ച്‌ 7 ദളിതരെയാണ്‌ ഗുജറാത്തില്‍ നഗ്നരാക്കി മര്‍ദ്ദിച്ചത്‌. മൃഗീയമായ ഈ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ്‌ ഗുജറാത്തില്‍ ഉയര്‍ന്നുവരുന്നത്‌. കന്നുകാലികളുടെ വ്യാപരത്തിലേര്‍പ്പെട്ടും ചത്തകന്നുകാലികളുടെ തോലുരിച്ചും ഉപജീവനം നടത്തുന്ന ദളിതരേയും മുസ്ലീങ്ങളേയും ലക്ഷ്യമിട്ടുള്ള നീക്കമാണ്‌ സംഘപരിവാര്‍ സംഘടനകളുടെ കാടത്തം നിറഞ്ഞ ഈ പ്രവൃത്തിയിലൂടെ ദൃശ്യമാകുന്നത്‌.
ഉത്തര്‍പ്രദേശില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച്‌ മുഹമ്മദ്‌ അഖ്‌ലാക്കിനെ കൊലപ്പെടുത്തിയതും ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളായ മുഹമ്മദ്‌ മജ്‌ലുവിനെയും 15 വയസ്സുകാരനായ അസദ്‌ഖാനെയും തല്ലിക്കൊന്ന്‌ മരത്തില്‍ കെട്ടിത്തൂക്കിയതും ഈ അടുത്ത നാളുകളിലായിരുന്നു. ഇതേ പ്രശ്‌നത്തില്‍ ഹരിയാനയില്‍ ദളിതര്‍ക്കു നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമ ങ്ങള്‍ മറക്കാറായിട്ടില്ല. ഉത്തരേന്ത്യയില്‍ ദളിതര്‍ക്കു നേരെയും മുസ്ലീങ്ങള്‍ക്കു നേരെയും ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിച്ച്‌ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനാണ്‌ ആര്‍.എസ്‌.എസ്സും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നത്‌.

ദളിതര്‍ക്കു നേരെ ആര്‍.എസ്‌.എസ്സും ബി.ജെ.പിയും നടത്തുന്ന മൃഗീയമായ ഈ പ്രവൃത്തിയെ തുറന്നുകാണിക്കുന്നതിനായി മുഴുവന്‍ മതനിരപേക്ഷ ചിന്താഗതിക്കാരും രംഗത്ത്‌ വര ണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.