ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്തുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തിയ വിധി സംസ്ഥാനത്തെ എല്ലാ കീഴ്‌ കോടതികള്‍ക്കും ബാധകമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്‌ ദൗര്‍ഭാഗ്യകരം

ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്തുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തിയ വിധി സംസ്ഥാനത്തെ എല്ലാ കീഴ്‌ കോടതികള്‍ക്കും ബാധകമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്‌ ദൗര്‍ഭാഗ്യകരമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇത്തരത്തിലുള്ള ഒരു ഉത്തരവ്‌ ഉണ്ടായതെന്നു വേണം മനസ്സിലാക്കാന്‍. സംസ്ഥാനത്തെ പല കോടതികളും കളക്‌ട്രേറ്റിന്റെ ഭാഗമായോ റവന്യു ഓഫീസ്‌ കെട്ടിടങ്ങളുടെ ഭാഗമായോ ആണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനാധിപത്യ നിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ പലപ്പോഴും പ്രതിഷേങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്‌. ഭാവിയില്‍ ജനാധിപത്യപരമായ ഇത്തരം പ്രതിഷേധങ്ങളൊന്നും അത്തരം കേന്ദ്രങ്ങളില്‍ ഉയര്‍ത്തുന്നതിനുള്ള അവകാശത്തിന്റെ നിഷേധമായി ഈ ഉത്തരവ്‌ മാറുകയാണ്‌. സ്വമേധയാ ഉള്ള നടപടികളിലൂടെയാണ്‌ കോടതി ഇത്തരമൊരു ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. ജനാധിപത്യ അവകാശത്തെ നിഷേധിക്കുന്ന ഈ ഉത്തരവ്‌ ഹൈക്കോടതി പുനഃപരിശോധിക്കണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.