പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, ഹൈക്കോടതി വിധിയില്‍ നടുക്കവും അത്ഭുതവും പ്രകടിപ്പിച്ചതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യത സുപ്രീംകോടതി കാത്തുസൂക്ഷിച്ചിരിക്കുകയാണ്. 16 വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ 40 ദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിച്ച കേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയയ്‌ക്കുന്നതിന് വഴിയൊരുക്കിക്കൊടുത്തത് മുന്‍ യു.ഡി.എഫ് ഭരണമാണ്. അതുകൊണ്ടുതന്നെ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നിഗൂഢമായ പരിശ്രമങ്ങളെയും ലൈംഗിക പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിയതിനെയും പറ്റി സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായ പ്രത്യേക അന്വേഷണം നടത്തണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നടന്ന കേസില്‍ പെണ്‍കുട്ടിക്കുവേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനും പരിശ്രമിച്ചിരുന്നു. അത് ഇപ്പോഴത്തെ യു.ഡി.എഫ് ഭരണത്തിലാണ് ഉണ്ടായത്. സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനും സ്‌ത്രീ പീഡനക്കാര്‍ക്ക് ശിക്ഷ നല്‍കുന്നതിനും യു.ഡി.എഫ് ഭരണത്തിന്റെ താല്‍പ്പര്യം എത്രമാത്രമാണെന്ന് വിളിച്ചറിയിക്കുന്നതാണ് സൂര്യനെല്ലി കേസിലെ സംഭവവികാസങ്ങള്‍. കേസിലെ ഇരയായ പെണ്‍കുട്ടിയെ കള്ളക്കേസില്‍ പെടുത്തി വീണ്ടും വേട്ടയാടുന്നതിനുള്ള നീചശ്രമങ്ങളും നടക്കുന്നുണ്ട്. ഇരയ്‌ക്ക് നീതി ഉറപ്പാക്കാനും കൂടുതല്‍ സംരക്ഷണം നല്‍കാനും പ്രതികളുടെ ശിക്ഷ ഉറപ്പുവരുത്താനും ശക്തമായ ചുവടുവെപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്ന് പിണറായി വിജയന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
* * *