ജസ്‌റ്റിസ്‌ ബസന്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
09.02.2013

ജുഡീഷ്യറിയുടെ അന്തസിനുമേല്‍ വീണ കളങ്കമാണ്‌ ജസ്‌റ്റിസ്‌ ബസന്തിന്റെ വഴിപിഴച്ച പരാമര്‍ശങ്ങളെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ സ്‌ത്രീസംരക്ഷണ നിയമപ്രകാരം ക്രിമിനല്‍ കേസ്‌ എടുക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പീഡനക്കാരെ സംരക്ഷിച്ച ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രിംകോടതിയോടുള്ള അനിഷ്ടവും അമര്‍ഷവും ബസന്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നിദാനമാണ്‌.

കോടതിക്കുപുറത്തു അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്ന ബസന്തിനെതിരെ നിയമ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. കേസില്‍ പ്രതികളായ 35 പേരെ വെറുതെവിട്ടതിനുപിന്നില്‍ രാഷ്ട്രീയ സ്ഥാപിത താല്‍പര്യശക്തികളുടെ വലിയ ഗൂഢപ്രവര്‍ത്തനമുണ്ടായിരുന്നു എന്ന ആക്ഷേപം അന്നേ ശക്തമായിരുന്നു. ഈ ശക്തികളുടെ നിഗൂഢ നീക്കങ്ങള്‍ ഇപ്പോഴും സജീവമാണ്‌ എന്നതിനു തെളിവാണ്‌ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ കോര്‍കമ്മിറ്റി എടുത്ത തീരുമാനവും ബിജെപി ദേശീയ നേതാകളുടെ പ്രതികരണവും.

കേസില്‍ പ്രതിചേര്‍ക്കേണ്ട പി. ജെ. കുര്യനെയും ശിക്ഷിക്കപ്പെടേണ്ട മറ്റു പ്രതികളെയും സംരക്ഷിക്കുന്നതിനുവേണ്ടി ഗൂഢ ശക്തികളുടെ ഉച്ചഭാഷിണിയായി ഒരു ന്യായാധിപന്‍ തരംതാഴുന്നത്‌ നാടിന്‌ അപമാനമാണ്‌. പി. ജെ. കുര്യനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിനെയും യുഡിഎഫ്‌ സര്‍ക്കാരിനെയും സന്തോഷിപ്പിക്കാന്‍ കൂടിയാണ്‌ ബസന്തിന്റെ അഭിപ്രായ പ്രകടനം.

ഇന്ത്യയിലെ 60 കോടിയിലധികം വരുന്ന സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മാനം രക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്‌ സൂര്യനെല്ലികേസിലെ ഇര നടത്തുന്നത്‌. കേസില്‍നിന്നും പിന്മാറാന്‍ കോടിക്കണക്കിനു രൂപയുടെ വാഗ്‌ദാനം ഉണ്ടായിട്ടും അതിനെയെല്ലാം നിരാകരിച്ചാണ്‌ ആ പെണ്‍കുട്ടി നീതിക്കുവേണ്ടി പോരാടുന്നത്‌. അതെല്ലാം വിസ്‌മരിച്ച്‌ കശ്‌മലന്മാര്‍ പിച്ചിച്ചീന്തിയ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ജസ്‌റ്റിസ്‌ ബസന്ത്‌ തുനിഞ്ഞത്‌ മൃഗീയനടപടിയാണ്‌. ബാല്യ വേശ്യാവൃത്തിയെപ്പറ്റി ഒരു ന്യായാധിപന്‍ വിഡ്‌ഢിത്തമാവര്‍ത്തിക്കുന്നത്‌ നിയമസംഹിതയോടുള്ള അവഹേളനമാണ്‌. ഇതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ കേരള സമൂഹത്തോട്‌ പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

* * *