പവര്‍കട്ടിനും ലോഡ്‌ഷെഡ്ഡിങ്ങിനുമെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
27.09.2012

യുഡിഎഫ്‌ സര്‍ക്കാരിന്റെ വൈദ്യുതിനയം കൊടിയ ജനദ്രോഹമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. വൈദ്യുതിനിരക്ക്‌ വര്‍ദ്ധനവിന്റെ ആഘാതത്തില്‍നിന്നും ജനങ്ങള്‍ മോചിതമാകും മുമ്പ്‌ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തി നാടിനെ ദുരവസ്ഥയിലേക്കെടുത്തെറിഞ്ഞിരിക്കുകയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കേരളത്തെ ഇരുട്ടിലാക്കിയിരിക്കുന്നത്‌ ആസൂത്രണത്തിലെ പിഴവും ഭരണത്തിലെ പിടിപ്പുകേടുംകൊണ്ടാണ്‌. രാത്രിയിലും പകലുമായി ഒരു മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്‌, വ്യവസായങ്ങള്‍ക്ക്‌ 25 ശതമാനം പവര്‍കട്ട്‌, 200 യൂണിറ്റിലധികമാകുന്ന വീടുകള്‍ക്ക്‌ അധികനിരക്കും ഏര്‍പ്പെടുത്താനുള്ള യുഡിഎഫ്‌ മന്ത്രിസഭാതീരുമാനം പ്രതിഷേധാര്‍ഹമാണ്‌. നാടിനെ ഇരുട്ടിലേക്കാഴ്‌ത്തുക എന്നത്‌ യുഡിഎഫ്‌ ഭരണത്തിലുണ്ടാകുന്ന വേളയില്‍ സംഭവിക്കുന്ന ദുരവസ്ഥയാണ്‌. 1996 ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ഒഴിയുമ്പോള്‍ വ്യവസായശാലകള്‍ പൂര്‍ണ പവര്‍കട്ടിലും വീടുകളും കടകളും രാത്രിയിലും പകലുമായി മൂന്നരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്ങിലുമായിരുന്നു. എന്നാല്‍ പിന്നീടു വന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കേരളത്തെ വെളിച്ചത്തിലേക്ക്‌ നയിക്കാന്‍ ശോഭയാര്‍ന്ന അധ്യായം എഴുതിച്ചേര്‍ത്തു. 1086 മെഗാവാട്ട്‌ ഉല്‍പ്പാദനശേഷിയുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതിനൊപ്പം വൈദ്യുതി മിച്ച സംസ്ഥാനമെന്ന പദവിയിലേക്ക്‌ കേരളത്തെ എത്തിക്കുകയും ചെയ്‌തു. എന്നാല്‍ 2001 ല്‍ യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോള്‍ സ്ഥിതി മോശമാക്കി. ഇതിന്‌ മാറ്റം വരുത്താന്‍ 2006 ല്‍ അധികാരത്തിലേറിയ എല്‍ഡിഎഫ്‌ ഗവണ്‍മെന്റിന്‌ കഴിഞ്ഞു. പ്രതിദിന വൈദ്യുതി ഉപഭോഗം 390 ലക്ഷം യൂണിറ്റായിരുന്നത്‌ 500 ലക്ഷമായി വര്‍ധിച്ചിട്ടും പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിങ്ങോ വേണ്ടിവന്നില്ല. എന്നാല്‍ കേന്ദ്രവിഹിതം മുമ്പൊരുകാലത്തും ലഭിക്കാത്തത്ര വിധത്തില്‍ കേരളത്തിന്‌ കിട്ടിയിട്ടും കേരളത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍. വൈദ്യുതി ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ചയാണ്‌ ഈ പ്രതിസന്ധിക്ക്‌ കാരണം. വരള്‍ച്ചയും ഉപഭോഗത്തിലെ വര്‍ധനവും എല്‍ഡിഎഫ്‌ ഭരണകാലത്തുണ്ടായിട്ടും പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തിയില്ല. വേനല്‍ക്കാലത്ത്‌ ഉയര്‍ന്ന വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ ജലസംഭരണികളില്‍ മഴക്കാലത്ത്‌ ലഭിക്കുന്ന നീരൊഴുക്ക്‌ പരമാവധി സംഭരിക്കുന്നതിനുപകരം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ അമിതമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചതടക്കമുള്ള നടപടികള്‍ പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണമായി. സുലഭമായതും താരതമ്യേന കുറഞ്ഞ നിരക്കിലുള്ളതുമായ വൈദ്യുതിയാണ്‌ കേരളത്തിന്റെ വികസനത്തിന്റെ അടിസ്ഥാനഘടകം. അതിനെ അട്ടിമറിക്കുന്ന ഭരണനടപടികളാണ്‌ ഇപ്പോള്‍ സ്വീകരിക്കുന്നത്‌. നമ്മുടെ നാടിന്‌ ചേര്‍ന്ന സ്രോതസ്സുകളില്‍നിന്ന്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുകയാണ്‌. ഇത്തരത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാരിന്റെ ജനവിരുദ്ധ വൈദ്യുതി നയത്തില്‍ അതിശക്തമായി പ്രതികരിക്കാന്‍ സി.പിഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
* * *