ഷുക്കൂര്‍ വധക്കേസിന്റെ മറവില്‍ സി.പി.ഐ(എം) നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തതിനെപ്പറ്റി നിഷ്‌പക്ഷവും സ്വതന്ത്രവും ഉന്നതതലത്തിലുള്ളതുമായ സമഗ്രാന്വേഷണം ഏര്‍പ്പെടുത്തണമെന്ന് സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാനസര്‍ക്കാരിനോടാവശ്യപ്പെട്ടു.
മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്‌ദുല്‍ ഷുക്കൂര്‍ മരണപ്പെട്ട കേസില്‍ സി.പി.ഐ(എം) നേതാക്കളെ പ്രതിയാക്കിയത് കേരളപൊലീസ് സൃഷ്ടിച്ച വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും നിയമസഭാംഗവുമായ ടി. വി. രാജേഷ് എന്നിവരെ വധക്കേസില്‍ പ്രതികളാക്കിയത് പൊലീസ് സൃഷ്ടിച്ച വ്യാജത്തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് കെട്ടിച്ചമച്ച പൊലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സര്‍വീസില്‍നിന്നും സസ്‌പെന്റ് ചെയ്‌ത് സമഗ്രാന്വേഷണം ഏര്‍പ്പെടുത്തണം. സി.പി.ഐ(എം) നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നതിന് പൊലീസിന് പ്രേരണ നല്‍കിയ ഭരണത്തിലെ കറുത്തകരങ്ങളെയും പുറത്തുകൊണ്ടുവരണം. ജയരാജനെയും രാജേഷിനെയും പ്രതിയാക്കിയ നടപടി അസാധുവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നിയമനടപടി സ്വീകരിക്കുകയും വേണം. ഇവരെ കള്ളക്കേസിലുള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.
രാഷ്‌ട്രീയ ദുഷ്‌ടലക്ഷ്യം നടപ്പാക്കാന്‍ ഭരണസംവിധാനത്തെയും പൊലീസിനെയും യു.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നു എന്നതിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന തെളിവാണ് പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്‌ടമായിരിക്കുകയാണ്.
ഷുക്കൂര്‍ കൊല്ലപ്പെടാനുള്ള ഗൂഢാലോചനയില്‍ ജയരാജനും രാജേഷും ഉള്‍പ്പെട്ടുവെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞത്. ഇതിന് തെളിവായി പൊലീസ് ഹാജരാക്കിയത് ലീഗ് പ്രവര്‍ത്തകരായ പി. പി. അബുവും മുഹമ്മദ് സാബിറും കേട്ടു എന്നുപറയുന്ന വര്‍ത്തമാനമാണ്. ഷുക്കൂര്‍ കൊല്ലപ്പെടുന്നതിനു മുമ്പ് അരിയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് പി. ജയരാജനും ടി. വി. രാജേഷും തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ പി. പി. അബുവും മുഹമ്മദ് സാബിറും അവിടെയെത്തി ഇരുവരെയും കണ്ടുവെന്നും സി.പി.ഐ(എം) നേതാവ് യു. വി. വേണു ഷുക്കൂറിനെ വകവരുത്താന്‍ ഫോണിലൂടെ നിര്‍ദേശം നല്‍കിയത് കേട്ടുവെന്നും ഇത് ജയരാജനും രാജേഷും ശ്രവിച്ചിരുന്നുവെന്നുമാണ്.
എന്നാല്‍ സിപിഎം നേതാക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നപ്പോള്‍ ലീഗ് പ്രവര്‍ത്തകരായ ഞങ്ങള്‍ കാണാന്‍ ചെന്നുവെന്ന് ചിത്രീകരിച്ചത് തങ്ങളെപ്പറ്റി ലീഗ് പ്രവര്‍ത്തകരില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്ന് അബുവും സാബിറും തളിപ്പറമ്പ് കോടതിയെ അറിയിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചെല്ലുകയോ ഷുക്കൂറിനെ വകവരുത്തുമെന്ന നിര്‍ദേശം സിപിഎം നേതാവ് നല്‍കുന്നത് കേള്‍ക്കുകയോ ചെയ്‌തിട്ടില്ലായെന്നും ഇത്തരം ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഇതിലൂടെ പൊലീസ് സി.പി.ഐ(എം) നേതാക്കളെ കള്ളക്കേസില്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി രാഷ്‌ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന നീചനയം ഇനിയെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാനിപ്പിക്കണം. ലീഗ് പ്രവര്‍ത്തകരുടെതന്നെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ(എം) നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും പിണറായി വിജയന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം
14.02.2013
* * *