പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധമുയര്‍ത്തുക - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിഷേധമുയര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും യോജിച്ച്‌ അണിനിരക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു. വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധം കണ്ടില്ലെന്ന്‌ നടിച്ച്‌ നവ ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ട്‌ പോകുന്ന യു.പി.എ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. രാജ്യത്തെ തൊഴിലാളികള്‍ ഫെബ്രുവരി 20, 21 തിയ്യതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിന്‌ ആധാരമായി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ ഒന്ന്‌ വിലക്കയറ്റം തടയുക എന്നതാണ്‌. ഇതിനെയെല്ലാം പരസ്യമായി വെല്ലുവിളിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍.

പെട്രോള്‍ ലിറ്ററിന്‌ 1.50 രൂപയും ഡീസല്‍ ലിറ്ററിന്‌ 0.45 രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. 2010 ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം നീക്കം ചെയ്‌തതിന്‌ ശേഷം ഇരുപതാമത്തെ തവണയാണ്‌ ഇപ്പോഴത്തെ വര്‍ദ്ധനവ്‌. ഡീസല്‍ വിലനിയന്ത്രണം നീക്കംചെയ്‌ത്തിന്‌ ശേഷം ഓരോ മാസവും വിലവര്‍ദ്ധിപ്പിക്കുമെന്ന എണ്ണക്കമ്പനികളുടെ പ്രഖ്യാപനം നടപ്പിലാക്കുകയാണ്‌.

ഇന്ധന വിലവര്‍ദ്ധനവ്‌ നിത്യോപയോഗ വസ്‌തുക്കളുടെ വിലവര്‍ദ്ധനവിനിടയാക്കും. ഭക്ഷ്യധാന്യങ്ങള്‍, രാസവളം, പാചകവാതകം, മരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം അടിക്കടിയുണ്ടായ വിലവര്‍ദ്ധനവ്‌ മൂലം ജനജീവിതം ദുസ്സഹമായ അവസരത്തില്‍ അവരുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്‌. റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധനവ്‌ നിലവില്‍വന്നത്‌ ഈ അടുത്തകാലത്താണ്‌. അടുത്ത ബജറ്റില്‍ വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹവുമുണ്ട്‌.

വന്‍കിട സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
16.02.2013

* * *