വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നിര്‍ദേശം കേരളസര്‍ക്കാരും സംസ്ഥാന വൈദ്യുതിബോര്‍ഡും നിരാകരിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള കര്‍മപദ്ധതി 15 ദിവസത്തിനുള്ളില്‍ തയ്യാറാക്കണമെന്നാണ് കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അന്ത്യശാസനമെന്നാണ് കേന്ദ്ര പവര്‍ഫിനാന്‍സ് കോര്‍പറേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നത് സംസ്ഥാനത്തിന്റെ ഉത്തമതാല്‍പര്യത്തിന് ഗുണകരമല്ല. വിതരണം സ്വകാര്യ മേഖലയിലാക്കിയാല്‍ ഇടയ്‌ക്കും മുറയ്‌ക്കും അമിതമായ വൈദ്യുതിനിരക്ക് വര്‍ദ്ധന നേരിടേണ്ടിവരും.
വിതരണരംഗം സ്വകാര്യമേഖലയെ ഏല്‍പിച്ച സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയ്‌ക്കു മുകളില്‍ കൊടുക്കേണ്ട ദുഃസ്ഥിതിയാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള ചുമതലയില്‍നിന്നും സ്വകാര്യകമ്പനികള്‍ പിന്മാറുകയും ചെയ്യും. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച വൈദ്യുതി സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നുവന്ന കേരള സംസ്ഥാന വൈദ്യുതിബോര്‍ഡിന്റെ നിലനില്‍പ്പുതന്നെ ഈ പരിഷ്‌കാരംകൊണ്ട് ഇല്ലാതാകും. അടിമുടി അരാജകാവസ്ഥയാണ് ഇന്ന് കെ.എസ്.ഇ.ബി നേരിടുന്നത്. ഇത് സ്വകാര്യ വല്‍ക്കരണത്തിനുള്ള പാതയൊരുക്കലാണ്. ഉല്‍പാദനം, പ്രസരണം, വിതരണം എന്നീ മൂന്ന് ഘടകങ്ങളുടെ ശാസ്‌ത്രീയമായ സംഘാടനത്തിലൂടെയും സംയോജിത പ്രവര്‍ത്തനത്തിലൂടെയുമാണ് വൈദ്യുതിബോര്‍ഡിനെ മികച്ച സ്ഥാപനമാക്കേണ്ടത്. ഇന്ന് വിതരണരംഗം താറുമാറാക്കുകയും പ്രസരണരംഗത്തെ സ്ഥിതി ആശാവഹമല്ലാതാക്കുകയും ചെയ്യുന്നു. ഇതിനുപുറമെ ആവശ്യത്തിന് കറന്റ് ഉല്‍പാദിപ്പിക്കാനുള്ള സ്ഥിതിയുമില്ല.
കമ്പനിവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അതിവേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പദ്ധതി സഹായങ്ങള്‍ പാടേ അവസാനിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഭീഷണി. നാമമാത്ര സഹായം വാഗ്‌ദാനം ചെയ്‌ത് വൈദ്യുതിരംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള കുടിലതന്ത്രത്തിലാണ് കേന്ദ്രം. ഇതില്‍ കേരളം വീഴരുതെന്ന് പിണറായി പ്രസ്‌താവനയില്‍ ഓര്‍മപ്പെടുത്തി.
തിരുവനന്തപുരം
18.02.2013
* * *