വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സാങ്കേതികമായി യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയെങ്കിലും യു.ഡി.എഫിന് ശക്തമായ തിരിച്ചടിയും, എല്‍.ഡി.എഫിന് മുന്നേറ്റവുമാണ് ഉണ്ടായതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
യു.ഡി.എഫ് രാഷ്ട്രീയമായും സംഘടനാപരമായും നേരിട്ട തകര്‍ച്ചയ്ക്ക് വേഗത കൂട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണ്. യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ 17219 വോട്ടിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 64.7% വോട്ട് കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 53.2 ശതമാനമായി കുറഞ്ഞു. യു.ഡി.എഫിന്റെ വോട്ടില്‍ 11.5 ശതമാനത്തിന്റെ കുറവാണുണ്ടായത്. എല്‍.ഡി.എഫിന്റെ വോട്ട് 8642 വര്‍ദ്ധിച്ചപ്പോള്‍ യു.ഡി.എഫിന്റെ വോട്ട് 8577 വോട്ട് കുറഞ്ഞിരിക്കുകയാണ്. യു.ഡി.എഫിന്റെ ഭൂരിപക്ഷം 40529 ല്‍ നിന്ന് 23310 ആയി കുറഞ്ഞിരിക്കുകയാണ്. ഭൂരിപക്ഷത്തില്‍ തന്നെ 17219 ന്റെ കുറവുണ്ടായിരിക്കുന്നു. ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാളും വോട്ടില്‍ പുറകോട്ടുപോയിയെന്നത് കേരളത്തില്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണമൊന്നും ജനങ്ങളില്‍ ഏശാന്‍ പോകുന്നില്ലായെന്നതിന്റെ തെളിവാണ്. യു.ഡി.എഫിനും ബി.ജെ.പിയ്ക്കും വോട്ടുകുറഞ്ഞപ്പോള്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ദ്ധിച്ചുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയി. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എസ്.ഡി.പി.ഐ യ്ക്ക് വോട്ട് വര്‍ദ്ധിപ്പിക്കാനായത് ആര്.എസ്.എസ് നടത്തുന്ന ഹിന്ദുത്വ വര്‍ഗ്ഗീയ പ്രചരണം മുസ്ലീം തീവ്രവവാദ ശക്തികള്‍ക്ക് ഗുണം ചെയ്യുന്നൂവെന്നാണ്.
ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് യു.ഡി.എഫും ബി.ജെ.പിയും പാഠം പഠിക്കണം. എല്‍.ഡി.എഫ് ഗവണ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്ര വികസന പദ്ധതിയ്ക്ക് വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ കൂടിയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. മലപ്പുറം ജില്ലയില്‍ എല്‍.ഡി.എഫിന് കൂടുതല്‍ ശക്തിപ്പെടാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച എല്ലാപേര്‍ക്കും സി.പി.ഐ (എം) ന്റെ പേരില്‍ നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പാര്‍ടി പ്രവര്ത്തകന്മാര് ജനങ്ങള്‍ക്കൊപ്പം നിന്ന് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാന് മണ്ഡലത്തില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.