വെനസ്വേല പ്രഡിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

വെനസ്വേല പ്രഡിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ലോകത്തിനാകെ മാതൃകയായ പുരോഗമന രാഷ്‌ട്രീയ നേതാവായിരുന്നു ഷാവേസ്‌. ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന്‌ മോചിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച അദ്ദേഹം ഇതിനുള്ള പണം സമാഹരിച്ചത്‌ രാജ്യത്തെ എണ്ണകമ്പനികള്‍ ദേശസാല്‍ക്കരിച്ചതിലൂടെയാണ്‌. അമേരിക്കയ്‌ക്ക്‌ വെനസ്വേലയില്‍നിന്ന്‌ ചുളുവിലയ്‌ക്ക്‌ എണ്ണ നല്‍കുന്നത്‌ അവസാനിപ്പിച്ചു. സാമ്രാജ്യത്വവിരുദ്ധ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച ഷാവേസ്‌ അമേരിക്കയുടെ അധിനിവേശതന്ത്രങ്ങള്‍ നിരന്തരം തുറന്നുകാട്ടി. അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക്‌ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയതിലെ അനൗചിത്യം പരസ്യമായി പ്രകടിപ്പിക്കാനും ഷാവേസ്‌ തയ്യാറായി. ലാറ്റിനമേരിക്കയിലും ലോകത്താകെയുമുള്ള ഇടതുപക്ഷ ശക്തികള്‍ക്ക്‌ പ്രചോദനവും ആവേശവും പകര്‍ന്ന ഷാവേസിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടമാണ്‌. ഷാവേസിന്റെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ച്‌ മാര്‍ച്ച്‌ 8-ന്‌ പാര്‍ടി പതാകകള്‍ താഴ്‌ത്തിക്കെട്ടാനും ദുഃഖാചരണ പരിപാടികള്‍ സംഘടിപ്പിക്കാനും എല്ലാ പാര്‍ടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം
06.03.2013