സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന  അനുശോചന സന്ദേശം

ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിനു വേണ്ടി ഏറ്റവും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഉത്തമ കമ്മ്യൂണിസ്റ്റ്‌ നേതാവും ഭരണകര്‍ത്താവുമായിരുന്നു ഇ.ചന്ദ്രശേഖരന്‍ നായരെന്ന്‌ സി.പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
ഒന്നാം കേരള നിയമസഭയില്‍ അംഗമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ കേരളം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു. വെണ്മ നിറഞ്ഞ പൊതുജീവിത്തിന്‌ ഉടയമായിരുന്നു. കേരളം ഉള്ളകാലത്തോളം ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്ന നാമം സ്‌മരിക്കപ്പെടും. ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു. വര്‍ത്തമാനകാല രാഷ്ട്രീയം സമഗ്രതയോടെ വിലയിരുത്തി, പതിവായി പ്രതികരിക്കാന്‍ അവസാനനാള്‍ വരെ അദ്ദേഹം ശ്രദ്ധിച്ചു. ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഒരേ സമയം സൗമ്യനും അതേ സമയം ധീരനുമായിരുന്നു അദ്ദേഹമെന്ന്‌ നിയമസഭയ്‌ക്കകത്തും പുറത്തും അദ്ദേഹവുമായി അടുത്തിടപ്പഴകാന്‍ അവസരം ലഭിച്ചതിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്‌. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത.്‌ മാവേലിസ്റ്റോര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനുള്ള പ്രായോഗിക യജ്ഞത്തില്‍ ഇന്ത്യയ്‌ക്കാകെ മാതൃകയായി. 
എല്‍.ഡി.എഫ്‌ ശക്തിപ്പെടുത്തുന്നതിനും വിശിഷ്യാ സി.പി.ഐ(എം)-സി.പി.ഐ ബന്ധം സുദൃഢമാക്കുന്നതിനും അവിസ്‌മരണീയമായ പങ്കാണ്‌ ചന്ദ്രശേഖരന്‍ നായര്‍ വഹിച്ചിട്ടുള്ളത്‌. അറിയപ്പെടുന്ന സഹകാരി കൂടിയായ അദ്ദേഹം ആദ്യകാലത്ത്‌ കൊല്ലം ജില്ലയില്‍ നിരവധി സഹകരണ സ്ഥാപനങ്ങളുടെ അഭിവൃദ്ധിയ്‌ക്ക്‌ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. പിന്നീട്‌ സംസ്ഥാന സഹകരണ ബാങ്ക്‌ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെ അഭിവൃദ്ധിയിലേക്ക്‌ കൊണ്ടുവരുന്നതിനും അദ്ദേഹം നല്ല പങ്കു വഹിച്ചു. ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.