പെട്രോള്‍-ഡീസല്‍ വില അനുദിനം കുതിച്ചുയരുന്നത് തടയാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 24 ന് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മെയ് 2014 ല്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാലിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണ്. ഓരോ ദിവസവും വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണ കമ്പിനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്. പെട്രോളിന്റെ വില നിര്‍ണ്ണയാധികാരം എണ്ണ കമ്പിനികള്‍ക്ക് നല്കിയ യു.പി.എ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും, അധികാരത്തില്‍ വന്നാല്‍ ഇത് എടുത്തുകളയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പാര്‍ടിയാണ് ബി.ജെ.പി. അതേ ബി.ജെ.പിയാണ് ദിവസംതോറും ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം എണ്ണ കമ്പിനികള്‍ക്ക് നല്‍കിയത്. ദിവസം തോറുമുള്ള വില വര്‍ദ്ധനവ് വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുകയാണ്. ചരക്ക് കടത്തുകൂലി കൂടിയതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അരി, പലവ്യജ്ഞനം, പച്ചക്കറി എന്നിവയ്ക്ക് വിലകൂടും. കേന്ദ്രസര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന സമരത്തിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.