സൗദി സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സൗദി സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ജാഗ്രതാപൂര്‍ണ്ണമായ അടിയന്തര ഇടപെടല്‍ നടത്തുന്നതിന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്‌താവിച്ചു.

സൗദിയിലെ പത്തുലക്ഷത്തോളം മലയാളികളില്‍ ഒന്നരലക്ഷത്തോളം പേരെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്‌. കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എം.പിമാരുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം അടിയന്തരമായി സൗദിയിലെത്തി അവിടത്തെ ഭരണാധികാരികളുമായി നേരിട്ട്‌ ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ നടപടി സ്വീകരിക്കണം. അല്ലാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരെ സൗദിയില്‍നിന്നും കുടിയിറക്കിയശേഷം ചര്‍ച്ചയും നടപടിയുമാകാമെന്ന നിലപാട്‌ അങ്ങേയറ്റം നിരുത്തരവാദപരമായതാണ്‌.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‌ കത്തെഴുതി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിയാനാണ്‌ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്‌. കേന്ദ്ര പ്രവാസികാര്യ മന്ത്രിയാകട്ടെ പ്രവാസി ഇന്ത്യക്കാര്‍ തിരിച്ചുവന്നാല്‍ പുനരധിവാസത്തിന്‌ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന്‌ ഉപദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട ചുമതലയില്‍നിന്നും ഒഴിയുകയാണ്‌. പ്രവാസി ഇന്ത്യക്കാരോട്‌ കാട്ടുന്ന ഈ കാരുണ്യരാഹിത്യവും ദ്രോഹവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തിരുത്തണം.

ഒരു കമ്പനിയുടെ പത്തു ജീവനക്കാരില്‍ ഒരാള്‍ തദ്ദേശിയായിരിക്കണമെന്നും എണ്ണം കുറവാണെങ്കിലും ഏതൊരു കമ്പനിയിലും തദ്ദേശി ഉണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന നിതാഖത്ത്‌ നിയമം നടപ്പാക്കുന്നതിനെപ്പറ്റി സൗദി സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പേ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും നിയമം ഉദാരമാക്കുന്നതിനോ നിലവിലുള്ള തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടാതിരിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കാനോ സ്‌പോണ്‍സര്‍ മാറ്റം അനുവദിക്കാനോ സൗദി സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ഇടപെടല്‍ നടത്തുന്നതിന്‌ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും തയ്യാറായില്ല. അതിന്‌ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രാഷ്‌ട്രീയപരമായും ഭരണപരമായും നീങ്ങേണ്ട സംസ്ഥാന സര്‍ക്കാരും തികഞ്ഞ അലംഭാവം കാട്ടി. ഇതിന്റെ ഫലമായി സൗദിയുടെ മലയാളി സമൂഹം ഇന്ന്‌ കടുത്ത ആശങ്കയിലാണ്‌. സ്‌പോണ്‍സര്‍ മാറ്റത്തിലടക്കം തൊഴിലെടുക്കുന്നവരെ നാടുകടത്തുന്നതിനുള്ള പരിശോധന കൂടി വന്നതിനാല്‍ വ്യാപാര കേന്ദ്രങ്ങളിലടക്കം മാന്ദ്യവും മലയാളികളായ തൊഴിലാളികളിലൊരു പങ്ക്‌ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണെന്നുമാണ്‌ അവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ പിണറായി വിജയന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

* * *