സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന
പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഹ്വാനം ചെയ്തു.
പെട്രോളിന്റേയും ഡീസലിന്റേയും വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 78.46 ഉം, ഡീസലിന് 71.37 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 6 മാസത്തിനിടയില്‍ ഡീസലിന് 10.67 രൂപയും, പെട്രോളിന് 6.44 രൂപയും വര്‍ദ്ധിച്ചു. എണ്ണവില വര്‍ദ്ധന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചിലവ് കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് പ്രതികൂലമായി ബാധിക്കും.
പെട്രോളും, ഡീസലും 50 രൂപയില്‍ താഴെ നിരക്കില്‍ വില്‍ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ 4 വര്‍ഷത്തിനിടെ ഇന്ധനവില വര്‍ദ്ധനവിലൂടെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത് 20 ലക്ഷംകോടി രൂപയാണ്. സബ്സിഡി ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കിയതു വഴി 2 ലക്ഷംകോടിയോളം രൂപ കേന്ദ്ര ഖജനാവിന് ലഭിച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം ഉപഭോക്താവിന് നല്‍കാതെ ഖജനാവ് നിറയ്ക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. 2013 ല്‍ അസംസ്കൃത എണ്ണവില ബാരലിന് 147 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ പെട്രോളിന് 77 രൂപയും, ഡീസലിന് 54 രൂപയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാജ്യാന്തര വിപണിയില്‍ ബാരലിന് 73.51 ഡോളര്‍ മാത്രമാണ് അസംസ്കൃത എണ്ണയുടെ വില. രാജ്യാന്തര വിപണിയില്‍ ഇരട്ടി വിലയുണ്ടായിരുന്ന കാലഘട്ടത്തിലെ വിലയെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനുമുള്ളത്.
യു.പി.എ ഭരണകാലത്ത് എണ്ണക്കമ്പിനികള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ടിയാണ് ബി.ജെ.പി. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പിനികള്‍ക്ക് ദിനംപ്രതി വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുകയാണ് ചെയ്തത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് കമ്പിനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണവില വര്‍ദ്ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എണ്ണ വില വര്‍ദ്ധനവിനെതിരെ മുഴുവന്‍ ബഹുജനങ്ങളും പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.