സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന സംഭവത്തെപ്പറ്റി ഉന്നതതല പോലീസ്‌ അന്വേഷണം ഏര്‍പ്പെടുത്തണം - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

പിണറായി വിജയന്റെ വീടിനു സമീപം തോക്കും കത്തിവാളുമായി തങ്ങിയ വളയം സ്വദേശിയെ നാട്ടുകാരാണ്‌ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌. പിണറായിയെ വധിക്കുക എന്ന ഉദ്ദേശ്യമായിരുന്നു എന്ന്‌ അയാള്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. 'മനോനിലയില്‍ ചിലപ്പോള്‍ മാറ്റമുണ്ടാകുന്ന പ്രായമുള്ള ആള്‍ ' എന്ന്‌ പ്രതിയെ ചിത്രീകരിച്ച്‌, സംഭവത്തെ തെല്ലും ലഘൂകരിക്കാനാകില്ല. ഒന്നിലധികം ദിവസം അരോഗ്യദൃഢഗാത്രനായ ഇയാള്‍ പിണറായി വിജയന്റെ വീടിനടുത്ത്‌ വന്നുപോവുകയും പിണറായി പങ്കെടുത്ത വിവിധ ജില്ലകളിലെ ചില പരിപാടികളെപ്പറ്റി ആ പ്രദേശങ്ങളില്‍ ചെന്ന്‌ അന്വേഷിക്കുകയും ചെയ്‌തതിലൂടെ പ്രതിയുടെ നീക്കം ഗൗരവമുള്ളതാണെന്ന്‌ വ്യക്തമാണ്‌. അതിനു പുറമെ, അടുത്തുനിന്ന്‌ വെടിവച്ചാല്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന എയര്‍ഗണ്‍ പണംകൊടുത്ത്‌ കൈവശമാക്കുകയും ഒപ്പം കത്തിവാള്‍ സൂക്ഷിക്കുകയും ചെയ്‌തതിലൂടെ ഇയാള്‍ തികഞ്ഞ ആസൂത്രണമാണ്‌ നടത്തിയതെന്ന്‌ ആര്‍ക്കും മനസ്സിലാകും. മുമ്പ്‌ തോക്ക്‌ ഉപയോഗിച്ച്‌ പരിചയമുള്ള ആളുമാണ്‌. അതിനുള്ള ലൈസന്‍സ്‌ കാലഹരണപ്പെട്ടു എന്നു മാത്രം. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെയും ആര്‍ .എം. പി നേതാക്കളുടെ പ്രസ്‌താവനകളും പ്രസംഗങ്ങളുമടങ്ങുന്ന പത്രറിപ്പോര്‍ട്ടുകളും നോട്ടീസുകളും ഇയാളുടെ വീട്ടില്‍നിന്നും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

കോടതി റിമാന്റ്‌ ചെയ്‌തിരിക്കുന്ന ഈ പ്രതിയുടെ പിന്നില്‍ ആരൊക്കെയാണെന്നും ഇയാളെ ഇതിന്‌ പ്രേരിപ്പിച്ചതിനും വധോദ്യമ നീക്കങ്ങളിലും ആര്‍.എം.പി നേതാക്കളുടെ പങ്കെന്തെന്നും പോലീസ്‌ സമഗ്രമായി അന്വേഷിക്കണം. ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയാണെന്ന കല്‍പ്പിത കഥ ദുരുദ്ദേശപരമായി പ്രചരിപ്പിച്ച്‌ പിണറായി വിജയനെതിരെ ആര്‍.എം.പി നേതാക്കള്‍ കൊലവിളി പതിവായി മുഴക്കുന്നു. അങ്ങനെ കൊലവിളി നടത്തുന്നവര്‍ ആരൊക്കെയാണെന്നും അവരും വധോദ്യമത്തിനെത്തിയ പ്രതിയും തമ്മിലുള്ള ബന്ധവും പോലീസ്‌ പരിശോധിക്കണം.

ഉത്തരകേരളത്തിലെ ഒരു ജില്ലയിലെ ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന മാര്‍ക്‌സിസ്റ്റ്‌ വിരുദ്ധ സംഘടനയായ ആര്‍.എം.പിയുമായി കോണ്‍ഗ്രസ്സും യു.ഡി.എഫും ഏതാനും വര്‍ഷങ്ങളായി ആത്മബന്ധത്തിലാണ്‌. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന്‌ സി.പി.ഐ (എം) ന്റെ സമുന്നത നേതാക്കളെയടക്കം അധിക്ഷേപിച്ച്‌ ആര്‍.എം.പിയുമായി ചേര്‍ന്ന്‌ വ്യക്തിവിദ്വേഷ പ്രചാരണം നടത്താന്‍ പോലും അധികാരസ്ഥാനങ്ങളിലുള്ള ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ മടിയുണ്ടായില്ല. പിണറായി വിജയനെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തോക്കും മാരകായുധവുമായി ഒരാള്‍ പിണറായിയുടെ വീടിനു സമീപനം എത്തി പോലീസ്‌ പിടിയിലായി എന്നത്‌, ആര്‍.എം.പിയുടെ വഴിതെറ്റിയ രാഷ്‌ട്രീയത്തെ പരസ്‌പരധാരണയോടെ പ്രോത്സാഹിപ്പിക്കുന്ന അത്തരം നേതാക്കള്‍ കൂടി ഉത്തരം പറയേണ്ട ബാധ്യത സൃഷ്‌ടിച്ചിരിക്കുകയാണ്‌. പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന നീചനീക്കത്തില്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന എല്ലാവരും ശക്തിയായി പ്രതിഷേധിക്കണം.

***