പാലക്കാട് കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ സ:എ.വിജയരാഘവന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ചിരകാല സ്വപ്നങ്ങളിലൊന്നാണ് നിര്‍ദ്ദിഷ്ട കോച്ച് ഫാക്ടറി. എന്നാല്‍ ഈ ഫാക്ടറി റെയില്‍വേയ്ക്ക് ആവശ്യമില്ലെന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഇപ്പോള്‍ പറയുന്നത്. റെയില്‍വേയ്ക്ക് പുതിയ കോച്ചുകള്‍ ആവശ്യമില്ലാത്തതിനാല്‍ ഫാക്ടറി വേണ്ടെന്നാണ് വിശദീകരണം.
മൂന്നര പതിറ്റാണ്ടിലേറെയായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വികസന സ്വപ്നങ്ങളുടെ ചിറകാണ് ഇതോടെ കേന്ദ്ര-ബി.ജെ.പി സര്‍ക്കാര്‍ അറുത്തുമാറ്റുന്നത്.
1982 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്തതാണ് കോച്ച് ഫാക്ടറി. എന്നാല്‍ ആ വാഗ്ദാനം നിറവേറ്റാതെ പഞ്ചാബില്‍ ഫാക്ടറി സ്ഥാപിച്ചു. പിന്നീട് നിരന്തരം ഈ ആവശ്യം ഉന്നയിച്ചെങ്കിലും 2004 ല്‍ ഇടതുപക്ഷ പിന്തുണയോടെ വന്ന യു.പി.എ സര്‍ക്കാര്‍ മാത്രമാണ് തുടര്‍ നടപടികള്‍ക്ക് തയ്യാറായത്. എന്നാല്‍ ആ തീരുമാനവും അട്ടിമറിക്കപ്പെട്ടു. തുടര്‍ന്നും നിരന്തരമായ ഇടപെടലുകള്‍ക്ക് ശേഷമാണ് 2012 ല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രാനുമതി നല്‍കിയത്. തുടര്‍ന്ന് ഫാക്ടറിക്ക് തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതിയാണ് ഇപ്പോള്‍ ഉപേക്ഷിയ്ക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭമുയര്‍ത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. കേരളത്തില്‍ കോച്ച് ഫാക്ടറി ആരംഭിയ്ക്കുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി ഇനി റെയില്‍വേ കോച്ച് ആവശ്യമില്ലായെന്ന വിചിത്ര പ്രസ്താവനയാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നടത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് തീവണ്ടി എഞ്ചിനുകള്‍ ഇറക്കുമതി ചെയ്യുന്നതു പോലെ യാത്രാകോച്ചുകളും ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ് ഇതിന് പിന്നിലുള്ളത്. റെയില്‍വേ നിക്ഷേപം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. റെയില്‍വേ സ്റ്റേഷനുകളും തീവണ്ടിപാളങ്ങളുമൊഴികെ മറ്റൊരു നിക്ഷേപവും റെയില്‍വേ കേരളത്തില്‍ നടത്തുന്നില്ല. വിവിധതരത്തിലുള്ള റെയില്‍വേ അനുബന്ധ വ്യവസായങ്ങളിലായി പതിനായിരക്കണക്കിന് കോടി നിക്ഷേപങ്ങള്‍ റെയില്‍വേ മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയിട്ടുണ്ട്. പാലക്കാട് ആസ്ഥാനമായ റെയില്‍വേ ഡിവിഷന് മുറിച്ച്, ഒരു ഭാഗം സേലം ഡിവിഷന് ഉണ്ടാക്കിയതുപോലെ മംഗലാപുരത്തും പുതിയ ഡിവിഷന് ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നത്. കേരളത്തിലെ റെയില്‍വേ സോണ്‍ എന്ന ആവശ്യത്തിന് നേരെ കേന്ദ്രം മുഖം തിരിച്ച് നില്‍ക്കുകയാണ്. ആവശ്യത്തിന് റെയില്‍ പാളങ്ങള്‍ നിര്‍മ്മിക്കാത്തതു കാരണം ഏറ്റവും കുറഞ്ഞ വേഗത്തില്‍ തീവണ്ടിയോടുന്നതും കേരളത്തിലാണ്. കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഉയര്‍ന്ന രൂപമാണ് സംസ്ഥാനം സ്ഥലമെടുത്ത് നല്‍കിയിട്ടും, 5 വര്‍ഷം മുമ്പ് ശിലാഫലകം സ്ഥാപിച്ച റെയില്‍വേ കോച്ച് ഫാക്ടറി ഇനിയുണ്ടാവില്ലായെന്ന മന്ത്രിയുടെ അന്തിമ പ്രഖ്യാപനം. എല്ലാ മലയാളികളും കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഇതിനെതിരായി ശക്തമായി പ്രതിഷേധിക്കണം. ഇടതുപക്ഷ എം.പിമാര്‍, ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഇവരെല്ലാം ഈ പ്രശ്നത്തില്‍ ഉയര്‍ത്തുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും ജനകീയ പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.
ജൂലൈ മാസം 10-ാം തീയതി പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്ര നിലപാടിനെതിരായി പാലക്കാട് വലിയ പൊതുജന കണ്വെന്ഷന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഈ കണ്വെന്ഷന് വിജയിപ്പിക്കാനും, വിവിധ വിഭാഗം ജനങ്ങളുടെ ഇക്കാര്യത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ മുന്നോട്ടുവരണമെന്നഭ്യര്ത്ഥിയ്
* * *