എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.ഡി.പി.ഐക്കാരാല്‍ കൊല്ലപ്പെട്ട ധീരരക്തസാക്ഷി അഭിമാന്യൂവിന്റെ കുടുംബത്തെ സി.പി.ഐ.(എം) ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ദരിദ്രമായ കുടുംബത്തിന്റെയും പിന്നോക്കം നില്ക്കുന്ന പ്രദേശത്തിന്റെയും പ്രതീക്ഷയായിരുന്ന അഭിമന്യുവിനെയാണ് മതഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഒരു ചെറിയ മുറിയിലാണ് കുടുംബമാകെ ജീവിച്ചിരുന്നത്. ഇവര്‍ക്ക് വട്ടവടയില്‍തന്നെ സ്ഥലംവാങ്ങി വീട് നിര്‍മ്മിച്ച് നല്‍കും. മാതാപിതാക്കളുടെ സംരക്ഷണത്തിനാവശ്യമായ സംവിധാനമൊരുക്കും. സഹോദരിയുടെയും സഹോദരന്റെയും ഭാവിജീവിതം സംരക്ഷിതമാക്കുന്നതിന് ആവശ്യമായ ഇടപെടലുകളും പാര്‍ടി നടത്തും. അഭിമന്യൂവിന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സാദ്ധ്യമായ പ്രവര്‍ത്തനങ്ങളും പാര്‍ടി സംഘടിപ്പിക്കും.
സ്ഥലംവാങ്ങി വീടുവെയ്ക്കുന്നതിനും മറ്റുകാര്യങ്ങള്‍ക്കും എറണാകുളം ജില്ലാകമ്മിറ്റിയുടെയും, എസ്.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയുടെയും സഹായത്തോടെ ഇടുക്കി ജില്ലാകമ്മിറ്റി ഉത്തരവാദിത്തം നിര്‍വഹിക്കും. ആക്രമണത്തില്‍ പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്ന അര്‍ജ്ജുനന്റെയും, വീനിതിന്റെയും മുഴുവന്‍ ചികിത്സാചെലവും എറണാകുളം ജില്ലാകമ്മിറ്റി വഹിക്കും. രണ്ടു ജില്ലകളിലും ജൂലൈ 14, 15, 16 തീയതികളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ എല്ലാ വീടുകളും സന്ദര്‍ശിക്കും. മതഭീകരത നാട്ടില്‍ സൃഷ്ടിക്കുന്ന ഭയാനകമായ സാഹചര്യം ജനാധിപത്യപരമായി പ്രതിരോധിക്കേണ്ടതിന്റെ പ്രധാന്യം മുഴുവന്‍ ജനങ്ങളിലേക്കുമെത്തിക്കാന്‍ ശ്രമിക്കും. പരമാവധിയാളുകളുടെ സഹായവും പിന്തുണയും ഫണ്ട് ശേഖരണത്തിനു പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മതഭീകരതക്കെതിരെയുള്ള പ്രതിരോധത്തിന് കണ്ണിചേരുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും പല പ്രമുഖവ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ താല്പ്പര്യംപ്രകടിപ്പിക്കുന്നു
മതഭീകരതയ്ക്കെതിരായ പ്രവര്‍ത്തനങ്ങളിലും കുടുംബത്തെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണവും വിജയിപ്പിക്കുവാന്‍ എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികളോടും അഭ്യര്‍ത്ഥിക്കുന്നു.