കേരളത്തിന്റെ ജീവല്‍ പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി കൈക്കൊണ്ട വിവേചനപരമായ നിലപാട് അപലപനീയമാണ്. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇത് കേരള ജനതയെ അപമാനിക്കുന്നതിന് തുല്ല്യമാണ്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പ്രായോഗിക രംഗത്ത് സംസ്ഥാനത്തുണ്ടാകുന്ന വിപരീത പ്രതിഫലനങ്ങള്‍ യഥാസമയം കേന്ദ്രത്തെ അിറയിച്ച് പരിഹാരം കാണാനാണ് കേരള സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സമീപിച്ചത്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കേണ്ട ചില അടിയന്തിര സഹായങ്ങളെക്കുറിച്ചുള്ള നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. പ്രധാമന്ത്രിയുടെ സ്ഥാനത്തിന്റെ മഹിമയാര്‍ന്ന സമീപനം ഇക്കാര്യത്തില്‍ നരേന്ദ്രമോദിയില്‍ നിന്നുണ്ടായില്ല.
ഭരണഘടനാനുസൃതമായ കേന്ദ്ര സഹായമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാനാവില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ ആശ്രിതരല്ല. പരസ്പര സഹകരണമില്ലാതെ ഇരുസര്‍ക്കാരുകള്‍ക്കും മുന്നോട്ടുപോകാനാവില്ല. പരിമിത വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിലൂടെയാണ് മാനവ വികസന സൂചികകളില്‍ കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിയത്.
റേഷന്‍ അരിവിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. ഇതിനെതിരെ എല്ലാ വിഭാഗം കേരളീയരും ശക്തമായി പ്രതിഷേധിക്കണം. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായ പോരാട്ടമുയര്ന്നുവരണം.