കെ. ഉമ്മര്‍മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന സന്ദേശം

മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്‌ നിര്‍ണ്ണായക സംഭാവന നല്‍കിയ സമര്‍ത്ഥനായ സംഘാടകനായിരുന്നു കെ. ഉമ്മര്‍ മാസ്റ്റർ. വര്‍ഗീയത ഇളക്കി ജനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ന്യൂനപക്ഷ സമുദായ സംഘടനകളും കക്ഷികളും നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ തടയിടാനും ഒറ്റപ്പെടുത്താനും വേണ്ടി മതനിരപേക്ഷ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ്‌ നേതാവെന്ന നിലയില്‍ ഉമ്മര്‍ മാസ്റ്റര്‍ ജാഗ്രതാപൂര്‍വ്വമായ പ്രവര്‍ത്തനമാണ്‌ നടത്തിയത്‌. സാമുദായിക വേര്‍തിരിവും കലാപവും സൃഷ്‌ടിക്കാന്‍ ഛിദ്രശക്തികള്‍ നടത്തിയ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഉമ്മര്‍മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്‌. മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യയശാസ്‌ത്ര കരുത്തും സംഘടനാ അച്ചടക്കവും പാലിച്ച്‌ പ്രതിസന്ധി ഘട്ടങ്ങളിലടക്കം പ്രസ്ഥാനത്തെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഖാവ്‌ നേതൃത്വപരമായ പങ്കു വഹിച്ചു.

പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവന്ന ഉമ്മര്‍ മാസ്റ്റര്‍ രണ്ടു ഘട്ടങ്ങളിലായി മലപ്പുറം ജില്ലയില്‍ പാര്‍ടി ജില്ലാ സെക്രട്ടറിയായിരുന്നു. അധ്യാപകനായിരുന്ന സഖാവ്‌ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ടാണ്‌ പ്രസ്ഥാനത്തില്‍ സജീവമായത്‌. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ടി അംഗമായിരുന്ന ഉമ്മര്‍ മാസ്റ്റര്‍ അടിയന്തരാവസ്ഥ കാലയളവില്‍ പാര്‍ടിയുടെ നല്ലൊരു പങ്ക്‌ നേതാക്കള്‍ ഒളിവിലും ജയിലിലുമായിരുന്നപ്പോള്‍ മലപ്പുറം ജില്ലാ കേന്ദ്രത്തിലെ പരസ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ , പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും സവിശേഷമായ പ്രവര്‍ത്തനമാണ്‌ സഖാവ്‌ കാഴ്‌ചവച്ചത്‌. ഉമ്മര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.

തിരുവനന്തപുരം
21.04.2013
* * *