തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം മൂന്നാം സ്ഥാനത്തായതിനെക്കുറിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം മൂന്നാം സ്ഥാനത്തായത്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ പിടിപ്പുകേട്‌ കൊണ്ടാണ്. പഞ്ചായത്തീരാജ്‌ ദിനാഘോഷത്തിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ കേരളം പിന്നോട്ടടിച്ചതിന്റെ ചിത്രം വ്യക്തമാക്കിയത്‌. എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ ഈ മേഖലയില്‍ കേരളം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തായിരുന്നു. 28 സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ അന്ന്‌ ഒന്നാം സ്ഥാനം നല്‍കിയത്‌ അധികാരവികേന്ദ്രീകരണം ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു എന്നതുകൊണ്ടാണ്‌. എന്നാല്‍ ഇന്ന്‌ യു.ഡി.എഫ്‌ ഭരണം അധികാര വികേന്ദ്രീകരണത്തിന്റെ നട്ടെല്ല്‌ തകര്‍ത്തു. പദ്ധതി നിര്‍വഹണത്തെ തകര്‍ക്കുകയും നവലിബറല്‍ നയങ്ങളുടെ കമ്പോളതാല്‍പര്യങ്ങള്‍ക്ക്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കീഴ്‌പ്പെടുത്തുകയുമാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ . പദ്ധതി രൂപീകരണത്തിനും നിര്‍വഹണത്തിനുമായി യു.ഡി.എഫ്‌ സര്‍ക്കാര്‍ അടിച്ചേല്‍പിച്ച നിര്‍ദ്ദേശങ്ങള്‍ പലതും പദ്ധതി നിര്‍വഹണത്തിന്‌ തടസമായി. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതിയും തൊഴിലുറപ്പ്‌ പദ്ധതിയും സംയോജിപ്പിച്ച്‌ കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വുണ്ടാക്കാന്‍ എല്‍.ഡി.എഫ്‌ ഭരണത്തില്‍ കഴിഞ്ഞിരുന്നു. തലചായ്‌ക്കാന്‍ ഇടമില്ലാത്തവര്‍ക്ക്‌ വീട്‌ നല്‍കി ഇന്ത്യയിലെ സമ്പൂര്‍ണ്ണ ഭവന സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട്‌ ഇ.എം.എസ്‌ ഭവന പദ്ധതി കൊണ്ടുവന്നു. 39 ലക്ഷം അംഗങ്ങളുമായി കുടുംബശ്രീയെ സ്‌ത്രീകളുടെ ഉന്നമത്തിനുള്ള പ്രസ്ഥാനമാക്കി. ശുചിത്വമിഷനും മാലിന്യമുക്തകേരളം എന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. പക്ഷെ, ഇതെല്ലാം രണ്ട്‌ വര്‍ഷത്തെ യു.ഡി.എഫ്‌ ഭരണം തകര്‍ക്കുകയോ ദുര്‍ബലമാക്കുയോ ചെയ്‌തു. ഇതിന്റെ ഫലമാണ്‌ കേരളം മൂന്നാം സ്ഥാനത്തായത്‌. സ്‌ത്രീ ശാക്തീകരണരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ അടിത്തറയിടാന്‍ എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കുടുംബശ്രീ പ്രസ്ഥാനത്തെ അടക്കം ദുര്‍ബലമാക്കാനാണ്‌ രാഷ്‌ട്രീയ ദുരുദ്ദേശത്തോടെ യു.ഡി.എഫ്‌ സര്‍ക്കാര്‍ നീങ്ങിയത്‌. കേരളം പിന്നോട്ടടിച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലെങ്കിലും നയത്തിലും പരിപാടിയിലും സമീപനത്തിലും മാറ്റം വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണം.

തിരുവനന്തപുരം
23.04.2013
* * *