പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി നിരുത്തരവാദിത്തപരമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും പിന്മാറണം. നാടൊന്നാകെ ഏക മനസ്സായി പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ തികച്ചും പരിഹാസ്യമാണ്. പ്രളയക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ലോകമെങ്ങും പുകഴ്ത്തുമ്പോഴാണ് ചെന്നിത്തല പുതിയ കഥകളുമായി വരുന്നത്. രക്ഷാപ്രവര്‍ത്തനം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ചെന്നിത്തല മുറവിളി കൂട്ടിയത്. ഇത് പാടെ പൊളിഞ്ഞപ്പോഴാണ,് മുന്‍കരുതല്‍ നല്‍കിയല്ലെന്ന ആരോപണം പൊടിതട്ടിയെടുത്തു കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ മറുപടിയോടെ അതും ചീറ്റിപ്പോയി. എന്നിട്ടും വീണിടത്ത് കിടന്ന് ഉരുളുകയാണ്.
ലോകത്ത് ആദ്യമായാണ് പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. ഇത്തരം വാദങ്ങളുയര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനായി ഒറ്റപ്പെടുന്നതിന് പകരം സര്‍ക്കാരും കേരളീയ സമൂഹമാകെയും നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും അണികളെ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ജനങ്ങളാകെ അംഗീകരിക്കുന്നത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്
സംസ്ഥാന സര്‍ക്കാരിനെ ഇങ്ങനെ നിരന്തരം കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ മറ്റ് ചില ഗൂഢലക്ഷ്യങ്ങളുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉദാരമതികളായ പതിനായിരങ്ങളാണ് സഹായ ഹസ്തവുമായി എത്തുന്നത്. അങ്ങനെ കിട്ടുന്ന സഹായം കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗിക്കാന്‍ കഴിയും. ഇതും സംസ്ഥാന സര്‍ക്കാരിന് അംഗീകാരമാകുമെന്നാണ് പ്രതിപക്ഷം ഭയക്കുന്നത്. ഇത് ഒരു വിഭാഗം സംഘപരിവാറുകാര്‍ പുലര്‍ത്തുന്ന നീചമനസ്സിന് തുല്യമാണ്.
യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം പോലും ലഭിയ്ക്കാതിരിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിയ്ക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ചെന്നിത്തലയുടെ നിലപാട്. ഇത് അടിയന്തിരമായി തിരുത്താന്‍ തയ്യാറാകണം.