സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഐ.എസ്‌.ആര്‍.ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കോണ്‍ഗ്രസ്സ്‌ സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
അനാവശ്യമായി പ്രതി ചേര്‍ത്ത്‌ പീഢിപ്പിച്ചതിന്‌ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‌ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവിന്‌ ഉത്തരവാദി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സുമാണ്‌. അതിനാല്‍ ഈ തുക ഉമ്മന്‍ചാണ്ടിയും കെ.പി.സി.സിയും നല്‍കണം. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കാനുള്ള ധാര്‍മ്മികതയും മാനുഷ്യകതയും കാണിക്കണം. അധികാരത്തിനു വേണ്ടി എന്ത്‌ നീചകൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ്‌ കോണ്‍ഗ്രസ്സെന്ന്‌ ചാരക്കേസ്‌ വ്യക്തമാക്കുന്നു. അധികാരം പിടിയ്‌ക്കാനായി ആന്റണി കോണ്‍ഗ്രസ്സ്‌ നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായി വ്യാജമായി ചമച്ചതാണ്‌ ചാരക്കേസ്സ്‌. ഇതിനുള്ള താക്കീതാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി. ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ 5 പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന്‌ മുമ്പാകെ അറിയിക്കുമെന്ന പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്‌. കെ.കരുണാകരന്‍ തന്നോട്‌ വെളിപ്പെടുത്തിയ ആ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനെ ധരിപ്പിക്കേണ്ടത്‌ അച്ഛനോട്‌ കാട്ടേണ്ട നീതിയാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്‌. കോണ്‍ഗ്രസ്സില്‍ നിന്നും ഉയരാന്‍ പോകുന്ന സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങാതെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. ഒരടിസ്ഥാനവുമില്ലാതെ ക്രമിനല്‍ കേസ്‌ ചുമത്തുകയായിരുന്നു ചാരക്കേസ്സിലുണ്ടായതെന്ന കോടതി നിരീക്ഷണം ഗൗരവമുള്ളതാണ്‌. കരുണാകരനെ താഴത്തിറക്കാനും, ആന്റണിയെ അധികാരത്തിലേറ്റാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നിയമവിരുദ്ധ കുതന്ത്രങ്ങളില്‍ പങ്കാളികളായ യു.ഡി.എഫ്‌ നേതാക്കളും പരസ്യമായി കുറ്റസമ്മതം നടത്തണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.