സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും നവകേരള നിര്‍മ്മാണത്തിന്‌ 25 ഇന പരിപാടി, ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധന, ആരോഗ്യ ഇന്‍ഷുറന്‍സ്‌, സ്‌ത്രീ ശാക്തീകരണം, നവോത്ഥാന പാരമ്പര്യം സംരക്ഷിക്കല്‍, ശബരിമല വികസനം എന്നിവയ്‌ക്ക്‌ പ്രാമുഖ്യം നല്‍കുന്ന 2019-20 ലേക്കുള്ള സംസ്ഥാന ബജറ്റ്‌ ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌

. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ഏല്‌പിച്ച കെടുതികളുടെ പശ്‌ചാത്തലത്തിലാണ്‌ സംസ്ഥാന ബജറ്റ്‌ (2019-20) അവതരിപ്പിച്ചിരിക്കുന്നത്‌. പ്രളയം വരുത്തിയ നഷ്ടം ഏകദേശം 31,000 കോടി രൂപയുടേതാണെന്ന്‌ രാജ്യാന്തര ഏജന്‍സികള്‍ കണക്കാക്കുന്നു. കേരള സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടത്തിയതിനെത്തുടര്‍ന്ന്‌ നവകേരളം കെട്ടിപ്പടുക്കുന്നതിനുവേണ്ട ഒരു സമഗ്ര കാഴ്‌ചപ്പാട്‌ സര്‍ക്കാര്‍ അവതരിപ്പിക്കുകയും ചെയ്‌തു. അതിന്റെ തുടര്‍ച്ചയായിട്ടു കൂടിവേണം 2019-20 ലേക്കുള്ള സംസ്ഥാന ബജറ്റിനെയും കാണേണ്ടത്‌. മേല്‍ സൂചിപ്പിച്ച പ്രകാരമുള്ള സാമ്പത്തിക അധികബാധ്യത കൂടി സംസ്ഥാനത്തിനുണ്ട്‌. ഈ സാഹചര്യത്തില്‍ ന്യായമായും ലഭിക്കേണ്ടുന്ന സഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം നേരിട്ടുകൊണ്ടാണ്‌ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. ജി.എസ്‌.ടി നടപ്പാക്കലും നോട്ട്‌ റദ്ദാക്കലും സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ വേറെയും. ഇതിനിടയിലും സംസ്ഥാനം കൃഷി, നിര്‍മ്മാണം, പൊതുമേഖലാ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, അധികാര വികേന്ദ്രീകരണം, ലിംഗനീതി, പാര്‍ശ്വവല്‌ക്കരിക്കപ്പെട്ടവരുടെ ഉന്നമനം എന്നിങ്ങനെ സര്‍വ്വമേഖലകളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ 2018 ലെ സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ 2019-20 ലേക്കുള്ള സംസ്ഥാന ബജറ്റിനെക്കുറിച്ച്‌ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 5 (ചൊവ്വ) ഉച്ചയ്‌ക്ക്‌ ശേഷം 3 മണിക്ക്‌ എ.കെ.ജി ഹാളിലാണ്‌ പരിപാടി. സിപിഐ (എം) സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി സ. പിണറായി വിജയന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്‌, സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ വെസ്‌ ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ആസൂത്രണ ബോര്‍ഡംഗം ഡോ. കെ.എന്‍.ഹരിലാല്‍, ആസൂത്രണ ബോര്‍ഡംഗം ഡോ. ആര്‍. രാമകുമാര്‍, സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഈ വിഷയത്തില്‍ താല്‌പര്യമുള്ള എല്ലാവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.
എ. വിജയരാഘവന്‍
ഡയറക്‌ടര്‍