മലയാളികളുടെ മനസ്സില്‍ മതനിരപേക്ഷതയുടെയും പുരോഗമനാശയത്തിന്റെയും മായാത്ത മുദ്രപതിപ്പിച്ച ജനനേതാവായിരുന്നു ലോനപ്പന്‍ നമ്പാടൻ. നല്ല പാര്‍ലമെന്റേറിയനും സത്യസന്ധനായ ഭരണാധികാരിയുമായിരുന്ന അദ്ദേഹം തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തോട് കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി അചഞ്ചലമായ കൂറ് കാട്ടി. പ്രക്ഷുബ്‌ധമായ അന്തരീക്ഷത്തിലും സി.പി.ഐ (എം) നെതിരെ പ്രചണ്ഡ പ്രചരണങ്ങള്‍ നടക്കുന്ന ഘട്ടങ്ങളില്‍പ്പോലും അദ്ദേഹം ചഞ്ചലചിത്തനായില്ല. കോണ്‍ഗ്രസ്സുകാരനായി രാഷ്‌ട്രീയമാരംഭിച്ച അദ്ദേഹം കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായാണ് നിയമസഭയില്‍ എത്തിയത്. എന്നാല്‍, നാടിന് ഭാരമായ ദുഷിച്ച യു.ഡി.എഫ് ഭരണം അവസാനിപ്പിക്കുന്നതിന് ധീരമായ നിലപാട് സ്വീകരിച്ച് എതിര്‍ വോട്ടിലൂടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ നമ്പാടന്‍ കാട്ടിയ ആര്‍ജ്ജവം കേരളം എന്നും ഓര്‍മ്മിക്കും. നിയമസഭയ്‌ക്കകത്തും പുറത്തും ഭരണാധികാരിവര്‍ഗം കേള്‍ക്കാനിഷ്‌ടമില്ലാത്ത സത്യങ്ങള്‍ യാതൊരു അലിവുമില്ലാതെ നര്‍മ്മം കലര്‍ത്തി അദ്ദേഹം വിളിച്ചുപറഞ്ഞു. തികഞ്ഞ വിശ്വിസായിരുന്നെങ്കിലും മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളുയര്‍ത്താനല്ല, അവയെ പൊളിക്കാനാണ് വിശ്വാസത്തേയും മതത്തേയും നമ്പാടന്‍ ഉപയോഗപ്പെടുത്തിയത്. 1982 മുതല്‍ സി.പി.ഐ (എം) നൊപ്പം നിലയുറപ്പിച്ച അദ്ദേഹം 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്തുനിന്ന് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിന് സി.പി.ഐ (എം) ചിഹ്നത്തില്‍ മത്സരിച്ചാണ് വിജയിച്ചത്. ഉറച്ച മതവിശ്വാസികളുടെയും മതനിരപേക്ഷ വാദികളുടെയും വോട്ട് ഒരുപോലെ വാങ്ങാന്‍ സി.പി.ഐ (എം) ന്റെ ചിഹ്നത്തിന് കഴിയുമെന്ന് സ്ഥാപിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ. നായനാരുടെ മന്ത്രിസഭയില്‍ രണ്ടുതവണ മന്ത്രിയായിരുന്ന നമ്പാടന്‍ നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയോടെയാണ് ഭരണം നടത്തിയിരുന്നത്. യു.ഡി.എഫ് ദുര്‍ഭരണങ്ങളെ വിശദമായ വിമര്‍ശനത്തിലൂടെയും നര്‍മ്മത്തിലൂടെയും കുത്തി നോവിച്ച നമ്പാടന്‍ മാഷിന്റെ ഓര്‍മ്മ എന്നും മലയാളികളുടെ മനസ്സില്‍ നിലനില്‍ക്കും. ലോനപ്പന്‍ നമ്പാടിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
തിരുവനന്തപുരം
05.06.2013
* * *