കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വഴിപിഴച്ച കോണ്‍ഗ്രസ് രാഷ്രടീയത്തിനെതിരെ ഉയര്‍ന്നുവന്ന ബദല്‍ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലാണ് കെ. എം മാണി രാഷ്ട്രീയത്തില്‍ ഇടംപിടിച്ചത്. കേരളത്തോട് കാട്ടുന്ന അനീതികള്‍ക്ക് അറുതി വരുത്താനും കേരളത്തിന്റെ ഉന്നമനത്തിനുമായാണ് കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ അസ്തമിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അവരെ പിന്തുണച്ചിരുന്ന മാധ്യമങ്ങളും പ്രവചിച്ചെങ്കിലും അതിനെ മറികടന്ന് അരനൂറ്റാണ്ടായി കേരള കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. മികച്ച പാര്‍ലമെന്റേറിയനും പ്രഗത്ഭ ഭരണാധികാരിയുമായിരുന്ന അദ്ദേഹം ഇടതുപക്ഷത്തും വലതുപക്ഷത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ല്‍ അദ്ദേഹം അവതരിപ്പിച്ച അധ്വാനവര്‍ഗ സിദ്ധാന്തം ഇന്ത്യയ്ക്ക് പുറത്തുപോലും ചര്‍ച്ചയായി. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലും ഇതുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങള്‍ നടത്തി. ഇതിനുപിന്നാലെ 1980 ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി ജനപക്ഷ നിലപാടുകള്‍ കൈക്കൊണ്ടു. മുഖ്യമന്ത്രി ഇ കെ നായനാരുടെ പ്രത്യേക താല്പര്യപ്രകാരം ധനമന്ത്രിയായിരുന്ന കെ.എം മാണി അന്നത്തെ ബജറ്റില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്ഷന് പദ്ധതി ആവിഷ്കരിച്ചു. ആ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ച രാഷ്രടീയ കൂറുമാറ്റത്തില്‍ എ.കെ ആന്റണിക്കൊപ്പം ചേര്‍ന്നതിനെ ചില ഘട്ടത്തിലെങ്കിലും കെ എം മാണി പശ്ചാത്തപിച്ചിട്ടുണ്ട്. യുഡിഎഫ് രാഷ്ട്രീയത്തോട് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കേരളം എക്കാലവും സ്മരിക്കുന്ന ഉജ്വല രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ എം മാണിയെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.