ത്യാഗത്തിന്റേയും ധീരതയുടേയും കനല്‍വഴികളിലൂടെ വളര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.വിശ്വനാഥമേനോനെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമരപ്രവര്‍ത്തനങ്ങളുടെ വീറുറ്റ ഏടായിരുന്നു ആ ജീവിതം. സ്വാതന്ത്രസമരത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. രാജഭരണത്തെ ചോദ്യം ചെയ്ത് രാജാവിന്റെ പതാക കീറിയതിന് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വീറുറ്റ പോരാളിയായി. സ്വാതന്ത്രസമരത്തിന് മുമ്പും പിമ്പുമായി ദീര്‍ഘകാലം ജയില്‍വാസവും ഒളിവ് ജീവിതവും നയിച്ചു. ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണ കേസില്‍ പ്രതിയാക്കപ്പെടുകയും ചെയ്തു.
മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം, നിയമസഭാംഗം, പാര്‍ലമെന്റംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച സി.പി.ഐ (എം) പ്രതിനിധിയായിരുന്ന അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനെന്ന ഖ്യാതിയ്ക്ക് ഉടമയായി. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹം തന്റെ ഭരണപാടവം തെളിയിക്കുകയും ചെയ്തു. മികച്ച തൊഴിലാളി വര്‍ഗ്ഗ സംഘാടകനുമായിരുന്നു. ഇടക്കാലത്ത് ചില രാഷ്ട്രീയ അപചയങ്ങള്‍ സംഭവിച്ചുവെങ്കിലും വൈകാതെ അത് തിരുത്താനും തയ്യാറായി. വിശ്വനാഥമേനോന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.