പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാടുകടത്തുന്ന കിരാതനടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പത്രപ്രസ്താവന

പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാടുകടത്തുന്ന കിരാതനടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു 


ബ്രിട്ടീഷ് ഭരണകാലത്ത് മാത്രം ഇന്ത്യകണ്ട കരിനിയമ നടപടി ജനാധിപത്യകേരളത്തില്‍ എങ്ങനെ തലയുയര്‍ത്തിയെന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമുണ്ട്. കണ്ണൂര്‍  കോഴിക്കോട് ജില്ലകളിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജനപ്രവര്‍ത്തകരെ ഗുണ്ടകളായി പ്രഖ്യാപിച്ച് നാടുകടത്താന്‍ ഉത്തരവിട്ടു. ഒരു എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. ഇത് ഒരു പൊലീസ് ഐജിയുടെ തലതിരിഞ്ഞ നടപടിയായി കാണാനാവില്ല. ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുന്ന ഇത്തരമൊരു നടപടി സംസ്ഥാന ഭരണാധികാരികളുടെ അറിവും സമ്മതവും നിര്‍ദേശവും കൂടാതെ നടപ്പാകില്ല. പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാടുകടത്തുന്ന സംസ്ഥാനസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ബഹുജനസമരം ശക്തമാക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണം. ഈ ആവശ്യമുയര്‍ത്തിയും സര്‍ക്കാരിന്റെ ജനദ്രോഹത്തിനെതിരെയും ജൂണ്‍ 17ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയമസഭയിലേക്കും കളക്ടറേറ്റുകളിലേക്കും നടക്കുന്ന മാര്‍ച്ച് വന്‍വിജയമാക്കണം

റൗഡിസം, ഗുണ്ടായിസം, വ്യാജമദ്യവില്‍പന, കള്ളനോട്ട് വ്യാപാരം, ഹവാല, വാടകക്കൊല തുടങ്ങിയവയില്‍ സ്ഥിരമായി ഏര്‍പ്പെടുന്ന സമൂഹവിരുദ്ധരെ അടിച്ചമര്‍ത്താനാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ( തടയല്‍ ) ആക്ട് 2007 കേരള നിയമസഭ പാസാക്കിയത്. സദുദ്ദേശപരമായ ഈ നിയമത്തിന്റെ അന്തഃസത്തയെ ചോര്‍ത്തി വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും നാടുകടത്താന്‍ ഈ നിയമം ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നിരവധി കേസുകള്‍ ചുമത്താറുണ്ട്. പക്ഷെ ഇതൊന്നും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന കുറ്റകൃത്യങ്ങളല്ല. എന്നാല്‍ പ്രക്ഷോഭസമരങ്ങളുടെ ഫലമായുണ്ടാകുന്ന കേസുകളുടെ മറവില്‍ വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാടുകടത്തുന്നത് ഫാസിസ്റ്റ് നടപടിയാണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അതിശക്തമായ ബഹുജന പ്രക്ഷോഭം നേരിടേണ്ടിവരും.
 
തിരുവനന്തപുരം
08-06-2013
 
***