മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസാക്കി കുറച്ച നിയമവിരുദ്ധ സര്‍ക്കാര്‍ ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസാക്കി കുറച്ച നിയമവിരുദ്ധ സര്‍ക്കാര്‍ ഉത്തരവ്‌ പിന്‍വലിക്കണം. കേന്ദ്രനിയമത്തിനും നിയമസഭ അംഗീകരിച്ച സംസ്ഥാനത്തെ ചട്ടത്തിനും വിരുദ്ധമായി തദ്ദേശഭരണവകുപ്പുസെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ അപകടകരമാണ്‌. ഇതിനെതിരെ മുസ്ലിംസമുദായത്തിലെ തന്നെ ചിന്താശീലരും പുരോഗമനവാദികളും രംഗത്തുവന്നിട്ടുണ്ട്‌. ശാരീരികവും മാനസികവുമായ വളര്‍ച്ച പെണ്‍കുട്ടിക്ക്‌ കൈവരിക്കാന്‍ 18 വയസെങ്കിലും ആകണം എന്നതുകൊണ്ടാണ്‌ വിവാഹപ്രായം 18 ആക്കി നിജപ്പെടുത്തിയിട്ടുള്ളത്‌. അതുകൊണ്ടാണ്‌ ശൈശവവിവാഹം കുറ്റകരമാക്കി രാജ്യം നിയമം പാസാക്കിയിട്ടുള്ളത്‌. ഇതിനെയെല്ലാം ലംഘിക്കുന്നതാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ്‌.

സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറി ഇറക്കിയിരിക്കുന്ന ഉത്തരവ്‌ അങ്ങേയറ്റം നിയമവിരുദ്ധമാണ്‌. പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്‌ത്രീകളുടേത്‌ 18ഉം ആക്കി നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട്‌ സുപ്രിംകോടതിയുടെ അഞ്ചംഗ ബഞ്ച്‌ ആവശ്യപ്പെട്ട പ്രകാരം നിയമസഭ സംസ്ഥാനത്ത്‌ ഇതുസംബന്ധമായ ചട്ടങ്ങള്‍ക്ക്‌ അംഗീകാരം നല്‍കിയിരുന്നു. നിയമസഭ സമ്മേളിക്കുന്നതിനിടയില്‍ സഭ അംഗീകരിച്ച ഒരു ചട്ടത്തെ ഒരു വകുപ്പ്‌ സെക്രട്ടറി സര്‍ക്കുലറിലൂടെ അസാധുവാക്കാന്‍ ശ്രമിച്ചത്‌ നിയമസഭയോടുള്ള അവഹേളനമാണ്‌. മുസ്ലിം സമുദായത്തിന്റെ പൊതുപുരോഗതിക്കും ആ സമുദായത്തിലെ സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഹാനികരമാണ്‌ വിവാഹപ്രായം കുറച്ച സര്‍ക്കാര്‍ ഉത്തരവ്.

തിരുവനന്തപുരം
22.06.2013