ജോലി നഷ്‌ടപ്പെട്ട്‌ നാട്ടില്‍ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക്‌ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

നിതാഖത്ത്‌ സമയപരിധി നീട്ടിയ സൗദി ഭരണാധികാരിയുടെ തീരുമാനം ആശ്വാസകരമാണെങ്കിലും ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ഫലപ്രദമല്ല.

വിദേശ തൊഴിലാളികള്‍ തൊഴില്‍ താമസരേഖകള്‍ പിഴയോ ശിക്ഷയോ കൂടാതെ നിയമവിധേയമാക്കുന്നതിന്‌ നവംബര്‍ 3 വരെ ഇളവ്‌ നല്‍കിയ സൗദി ഭരണാധികാരി അബ്‌ദുള്ള രാജാവിന്റെ തീരുമാനം ലക്ഷക്കണക്കിന്‌ മലയാളികള്‍ക്ക്‌ തല്‍ക്കാലം ആശ്വാസം നല്‍കുന്നതാണ്‌. ഇളവ്‌ നല്‍കിയിരിക്കുമ്പോള്‍ തന്നെ നിതാഖത്ത്‌ നടപ്പാക്കുന്നതില്‍ നിന്ന്‌ പിന്നോട്ടില്ലെന്നും സൗദി അറേബ്യന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ ആകണം. തങ്ങളുടെ പൗരന്മാരുടെ പദവി നിയമാനുസൃതമാക്കി മാറ്റാന്‍ മറ്റു പല രാജ്യങ്ങളും കാട്ടുന്ന ശുഷ്‌കാന്തി ഇന്ത്യയ്‌ക്കില്ലെന്ന വിമര്‍ശനം ശക്തമാണ്‌. റിയാദിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ കോണ്‍സുലേറ്റിലും ഇന്ത്യക്കാരുടെ പേര്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നിട്ടുണ്ട്‌. വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്നതിനുള്ള ഫലപ്രദമായ സഹായസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതുകൊണ്ട്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗമുണ്ട്‌. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ്‌ കാട്ടിയത്‌. ഈ പ്രതിസന്ധി ഘട്ടത്തിലും നോര്‍ക്ക സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റ്‌ ചെയ്‌ത്‌ നല്‍കുന്നതില്‍ പോലും കുറ്റകരമായ അനാസ്ഥയാണ്‌ കാട്ടിയത്‌. ചെറിയ പിഴവുകളുടെ പേരില്‍ പോലും പ്രവാസികളുടെ യാത്രയ്‌ക്ക്‌ തടസമുണ്ടായിട്ടുണ്ട്‌. നിതാഖത്തില്‍ കുടുങ്ങി ജോലി നഷ്‌ടപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നവരോട്‌ കാട്ടേണ്ട കരുണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്നില്ല. നാല്‌ മാസത്തെ ഇടവേളയില്‍ ഫലപ്രദമായ പ്രവര്‍ത്തനത്തിന്‌ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. ജോലി നഷ്‌ടപ്പെട്ട്‌ നാട്ടില്‍ തിരിച്ച്‌ വരേണ്ടവര്‍ക്ക്‌ സൗജന്യ വിമാനയാത്ര കേന്ദ്ര ഗവണ്‍മെന്റ്‌ നല്‍കണം. ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്ന മലയാളികള്‍ക്ക്‌ നാട്ടിലെത്താനുള്ള യാത്രാസൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. സർക്കാറുകൾ ഇവർക്കുള്ള പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുകയും വേണം.

തിരുവനന്തപുരം
02.07.2013